എല്ലാവര്‍ക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം മലയാളത്തില്‍ ആശംസിച്ചുകൊണ്ടാണ് മോഡി പ്രസംഗം ആരംഭിച്ചത്. ഉഡുപ്പിയിലോ ഗുരുവായൂരിലോ ദ്വാരകയിലോ ആയിരിക്കുന്നതിന് ഗുജറാത്തുകാരെ സംബന്ധിച്ച് വൈകാരിക ബന്ധമുണ്ട്. ഗുജറാത്തില്‍ ദ്വാരകയുടെ മണ്ണില്‍ നിന്നും വന്നയാളെന്ന നിലയ്ക്ക് ഗുരുവാ്യുര്‍ തനിക്ക് പ്രത്യേക അനുഭൂതി നല്‍കുന്നു.
കേരളം തനിക്ക് വാരണാസി പോലെ പ്രിയപ്പെട്ടതാണ്. തെരഞ്ഞെടുപ്പിന് അതിന്റേതായ സ്ഥാനമുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരല്ല ബി.ജെ.പി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പിനു ശേഷം 130 കോടി ജനതയോടുള്ള ഉത്തരവാദിത്തമാണ് കൂടുതല്‍ പ്രധാന്യമെന്നും മോഡി പറഞ്ഞു.
നിപ വൈറസിനെ നേരിടാന്‍ കേരളം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രവും ഒപ്പമുണ്ട്. നിപ വൈറസിനെതിരായ പ്രതിരോധത്തിന് എല്ലാ സൗകര്യവും സംസ്ഥാനം ചെയ്യുന്നുണ്ട്. കേരളത്തിനൊപ്പം ചേര്‍ന്ന് കേന്ദ്രവും പ്രവര്‍ത്തിക്കും-മോഡി ഉറപ്പ് നല്‍കി.
ആയുഷ്മാന്‍ ഭാരത് യോജനയില്‍ കേരളം പങ്കുചേരാത്തതില്‍ ദുഃഖമുണ്ട്. പദ്ധതിയുടെ ഗുണങ്ങള്‍ കേരളത്തിനും ലഭ്യമാക്കണമെന്നാണ് അധികാരികളോട് തനിക്ക് പറയാനുള്ളത്. ഗ്രാമീണ തീരമേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കും. അതിനായി മത്സ്യബന്ധനത്തിനും മൃഗസംരക്ഷണത്തിനുമായി പ്രത്യേക വകുപ്പുകള്‍ രൂപീകരിച്ചു. മൃഗങ്ങള്‍ക്ക് രാജ്യമൊട്ടുക്കും വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മൃഗങ്ങളെ ബാധിക്കുന്ന കുളമ്പ്, വായ് രോഗങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം.-പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പദ്ധതി തുടങ്ങുന്നതിനുള്ള പുതിയ ഊര്‍ജമാണ് ഗുരുവായൂര്‍ ദര്‍ശനത്തിലൂടെ തനിക്ക് ലഭിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് 35 മിനിറ്റ് നീണ്ട പ്രസംഗം മോഡി അവസാനിപ്പിച്ചത്. ആത്മീയതയെയും വികസനത്തെയും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ശബരിമലയെ കുറിച്ച് ഒരു വാക്ക് പോലും പറയാന്‍ മോഡി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ