കണ്ണൂര്‍: പ്രവര്‍ത്തനമാരംഭിച്ച് ആറു മാസം പിന്നിടുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച കണ്ണൂര്‍ വിമാനത്താവളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. വരവും ചെലവും തമ്മില്‍ വന്‍ വ്യത്യാസം നേരിടുന്ന കിയാലില്‍ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ വൈകി. കൂടുതല്‍ വരുമാനം കണ്ടെത്താനുള്ള സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കിയില്ലെങ്കില്‍ വടക്കെ മലബാറിന്റെ അഭിമാനമായ ഈ പദ്ധതി നഷ്ടത്തിലേക്കു കൂപ്പു കുത്തും.
പ്രതിമാസം 13 കോടി രൂപയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നടത്തിപ്പിനാവശ്യം. എന്നാല്‍, 4 കോടി രൂപ മാത്രമാണ് വരുമാനം. 892 കോടി രൂപയാണ് വിമാനത്താവളത്തിന്റെ വായ്പ. 7.5 കോടി രൂപ പ്രതിമാസം പലിശ ഇനത്തില്‍ തിരിച്ചടയ്ക്കണം. സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തില്‍ 2.85 കോടി രൂപയും കിയാല്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ 75 ലക്ഷവും. ശുചീകരണത്തിനു 77 ലക്ഷവും വൈദ്യുതി ബില്‍ ഇനത്തില്‍ ഒരു കോടിയോളം രൂപയും വാടകക്കെടുത്ത വാഹനങ്ങളുടെ ഇനത്തില്‍ 20 ലക്ഷത്തോളം രൂപയും പ്രതിമാസം ചെലവു വരും. പ്രതിമാസം ഒന്നര ലക്ഷം യാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. തൊട്ടടുത്തുള്ള കോഴിക്കോട് വിമാനത്താവളത്തേക്കാള്‍ വളരെ കൂടുതലാണിത്.
എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗോ എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നീ വിമാന കമ്പനികളാണ് നിലവില്‍ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ഡ്യൂട്ടി പെയ്ഡ് ഷോപ്പുകള്‍, ഫുഡ് കോര്‍ട്ടുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍, പരസ്യങ്ങള്‍, താമസ, വിശ്രമ സൗകര്യങ്ങള്‍ തുടങ്ങി യാത്രാ നിരക്കിലൂടെയല്ലാത്ത വരുമാനത്തിലൂടെയാണ് രാജ്യത്തെ മിക്ക വിമാനത്താവളങ്ങളും വരുമാനം കണ്ടെത്തുന്നത്. പ്രതിമാസം ഒന്നര കോടി വരെയാണ് മറ്റു വിമാനത്താവളങ്ങളില്‍ ഈ ഇനത്തില്‍ ലഭിക്കുന്ന വരുമാനം. എന്നാല്‍, പ്രവര്‍ത്തനം ആരംഭിച്ച് ആറു മാസം പിന്നിടുമ്പോഴും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇവയൊന്നും തന്നെ യാഥാര്‍ഥ്യമായിട്ടില്ല. എയര്‍പോര്‍ട്ട് വില്ലേജ് അടക്കമുള്ള ബൃഹദ് പദ്ധതികള്‍ പലതും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി.
കണ്ണൂരില്‍ വിമാനത്താവളത്തോടനുബന്ധിച്ച് വ്യാപാര വ്യവസായ സമുച്ചയങ്ങളും ടൂറിസം പദ്ധതികളും ആരംഭിക്കുന്നതിനു താല്‍പര്യം പ്രകടിപ്പിച്ച് പ്രവാസി സംഘടനകളും വ്യക്തികളും നോര്‍ത്ത് മലബാര്‍ ചേംബര്‍ അടക്കമുള്ള സംഘടനകളുമായി ബന്ധപ്പെട്ടു വരുന്നുണ്ടെങ്കിലും കിയാല്‍ തുടര്‍ പ്രവര്‍ത്തനം നടത്താത്തത് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു തടസ്സമായി. ഡേ ഹോട്ടല്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ അടുത്തിടെയാണ് ആരംഭിച്ചത്. 20 കോടി രൂപ ചെലവില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു മുമ്പു തന്നെ ഡേ ഹോട്ടല്‍ അടക്കമുള്ള വരുമാനം തരുന്ന പദ്ധതികള്‍ക്കായിരുന്നു മുന്‍ഗണന നല്‍കേണ്ടിയിരുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വിദേശ വിമാനങ്ങള്‍ക്കു സര്‍വീസ് നടത്താനുള്ള അനുമതിയും കൂടുതല്‍ സര്‍വീസുകളും ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയ അധികൃതര്‍ ഈ മാസം മുഖ്യമന്ത്രിയുമായി ചര്‍ച്ചക്കു സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കണ്ണൂരില്‍ നിന്നും യാത്രക്കാര്‍ ഏറെയുണ്ട്. ആവശ്യത്തിനു സര്‍വീസ് ഇല്ലാത്തതിനാല്‍ ഇവര്‍ കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകളിലെ വര്‍ധന സംബന്ധിച്ചും പരാതികളേറെയുണ്ട്. ഇതിനു പരിഹാരം വേണമെന്ന് പ്രവാസി സംഘടനകളടക്കം ആവശ്യപ്പെടുന്നുണ്ട്. ഗള്‍ഫ് സെക്ടറിനു പുറമെ, കൊളംബോ, ക്വലാലംപുര്‍, സിംഗപ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു സര്‍വീസ് നടത്തുന്നതിനു വിമാന കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനും പരിഹാരമുണ്ടാകണമെന്നാണ് ആവശ്യം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ