വെള്ളിയാഴ്‌ച, ജൂൺ 14, 2019
കാസര്‍കോട് : ജില്ലയിലെ സ്‌കൂളുകള്‍ക്ക് നൂറു മീറ്റര്‍ ചുറ്റളവിലുള്ള കടകളില്‍ പുകയില ഉല്‍പ്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും വില്‍ക്കുന്നുണ്ടോയെന്നറിയാന്‍ ആരോഗ്യ വകുപ്പ്, എക്‌സൈസ്, പൊലീസ് എന്നിവരുടെ സഹായത്തോടെ പരിശോധന നടത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പുകയില നിയന്ത്രണ പദ്ധതിയുടെ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപകമായ തോതില്‍ പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജില്ലയില്‍ മൊത്തം പരിശോധന നടത്തും. ഇതിനായി ജില്ലാതല സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.
പുകയിലരഹിത വിദ്യാലയം എന്നത് യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകളിലും കോളേജുകളിലും പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി ശക്തിപ്പെടുത്തും. ഹൈസ്‌കൂള്‍, പ്ലസ്ടു, കോളേജുകള്‍ എന്നിവയിലെ തിരഞ്ഞെടുത്ത അധ്യാപകര്‍ക്കും പിടിഎ ഭാരവാഹികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക പരിശീലനം നല്‍കും. ആദ്യഘട്ട പരിശീലനം ജുലൈ 4, 6 തീയതികളില്‍ കാസര്‍കോടും കാഞ്ഞങ്ങാടും നടക്കും. ലഹരി വിരുദ്ധ ബോധവത്കരണത്തിനായി സന്നദ്ധ സംഘടനകള്‍, എന്‍ എസ് എസ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കും.
ജില്ലയില്‍ 370 കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ തോറ്റത് ഏഴു സ്‌കൂളുകളില്‍ നിന്നു മാത്രമാണ്. ജി എച്ച് എസ് എസ് ചന്ദ്രഗിരി, ജി എച്ച് എസ് എസ് കാസര്‍കോട്, ജി എച്ച് എസ് എസ് കുമ്പള, ജി എച്ച് എസ് എസ് ഉപ്പള, എന്‍ എച്ച് എസ് പെര്‍ഡാല, ബിഎആര്‍ എച്ച് എസ് എസ് ബോവിക്കാനം, ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല എന്നീ സ്‌കൂളുകളിലാണ് വിജയശതമാനം ഏറ്റവും കുറവുള്ളത്. ഈ സ്‌കൂളുകളില്‍ രണ്ടു മാസത്തിലൊരിക്കല്‍ പ്രത്യേക ബോധവത്കരണ ക്ലാസുകള്‍ നടത്തും. സ്‌കൂളുകളിലെ വിജയശതമാനം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍, സൈബര്‍ ക്രൈം എന്നിവ സംബന്ധിച്ച് പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തും.
എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ മാവില നളിനി, ഡെപ്യൂട്ടി ഡിഎംഒ: ഡോ.ഷാന്റി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ നന്ദികേശ, ഹെല്‍ത്ത്‌ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട്, ഡിവൈഎസ് പി പ്രദീപ് കുമാര്‍ ,കെ യു എച്ച് എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാജു വി ഇട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ