മടിക്കൈ : മഴക്കാല ജല പരിപാലനത്തിലൂടെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമായി 38,000 ലധികം മഴക്കുഴികള്‍ ഒരുക്കി ശ്രദ്ധേയമാവുകയാണ് മടിക്കൈ ഗ്രാമപഞ്ചായത്ത.് ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ മഴവെള്ളം ഭൂമിയിലെത്തിക്കാനുള്ള മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് മഴക്കുഴികള്‍. മടിക്കൈ പഞ്ചായത്തിലെ 15 വാര്‍ഡുകളിലായാണ് 38,000ലധികം മഴക്കുഴികള്‍ ഒരുക്കിയിരിക്കുന്നത്. പൊതുവെ ചരിവു കുറഞ്ഞതും മണ്ണിന് കനം കുറഞ്ഞതുമായ പ്രദേശങ്ങളാണ് മഴക്കുഴികള്‍ നിര്‍മിക്കാന്‍ ഏറ്റവും അനുയോജ്യം. ഒരു വാര്‍ഡില്‍ 500 ലധികം മഴക്കുഴികളാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മടിക്കൈ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ചിട്ടുള്ളത്. ഒന്നര മീറ്റര്‍ നീളത്തിലും 60 സെന്റീ മീറ്റര്‍ വീതിയിലും 60 സെന്റീ മീറ്റര്‍ ആഴത്തിലുമാണ് മഴക്കുഴികള്‍ ഒരുക്കേണ്ടത്.
മഴക്കുഴികള്‍ക്ക് പുറമെ ചകരിക്കുഴികളും മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. തെങ്ങിന്‍ തടത്തിന് ചുറ്റുമായി കുഴികളെടുത്ത് അതില്‍ ചകിരി നിറച്ച് മഴവെള്ളം ഭൂമിയിലേക്ക് കിനിഞ്ഞ് ഇറക്കും. ഇതിനു പുറമെ പുതുതായി ആറു കുളങ്ങളും ആറു കിണറുകളും നിര്‍മ്മിച്ചിട്ടുണ്ട്. 29 തോടുകളും നവീകരിച്ച് കഴിഞ്ഞു. ഓരോ വാര്‍ഡിലെയും 60ലധികം വീടുകളില്‍ കിണര്‍ റീചാര്‍ജിങ്ങും നടന്നു കഴിഞ്ഞു. കൂടാതെ തീയര്‍പാലം അണക്കെട്ട് പുനര്‍നിര്‍മ്മിക്കുകയും അഞ്ചിലധികം കുളങ്ങള്‍ നവീകരിക്കുകയും ചെയ്തു. പഞ്ചായത്തിനു പുറമെ വാട്ടര്‍ അതോറിറ്റി, ചെറുകിട ജലസേചന വകുപ്പ്, തൊഴിലുറപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.
ജലസംരംക്ഷണവുമായി ബന്ധപ്പെട്ട് ഓരോ ഗ്രാമപഞ്ചായത്ത് തലങ്ങളിലും വിവിധ പദ്ധതികളും പരിപാടികളുമാണ് നടന്നുവരുന്നത്. പേരിനുമാത്രം കാലവര്‍ഷമെത്തിയെങ്കിലും വടക്കന്‍ കേരളത്തിലും പ്രത്യേകിച്ച് ജില്ലയിലും മഴയില്ലാത്ത സാഹചര്യമാണുള്ളത്. കാലവര്‍ഷം കുറയുന്നത് കടുത്ത വരള്‍ച്ച ജില്ലയിലുണ്ടാക്കും. ജില്ലയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വേനല്‍കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യം ആണ് ഉള്ളത്. ഇതിനു പരിഹാരമെന്ന നിലയിലാണ് ഗ്രാമപഞ്ചായത്ത്,നഗരസഭ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ഒരുക്കിയിരിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ