വ്യാഴാഴ്‌ച, ജൂലൈ 04, 2019
ആലപ്പുഴ: തേങ്ങയിടാൻ ആളെക്കിട്ടാനില്ല എന്നും, അഥവാ ആളെക്കിട്ടിയാൽ തന്നെ വലിയ കൂലിയാണെന്നുമുള്ള പരാതി കേൾക്കാൻ തുടങ്ങിയിട്ട് ഏറെയായി. എന്നാൽ ഇനിമുതൽ ആരും പരാതി പറയേണ്ടി വരില്ല. കാരണം തേങ്ങയിടാനും ആപ്പ് എത്തുകയാണ്.

ആപ്പില്‍ അറിയിച്ചാൽ മതി ആളെത്തി തേങ്ങയിട്ട് ന്യായമായ വില നൽകി തേങ്ങ കൊണ്ടു പോവുകയും ചെയ്യു. കയർ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ സഹായത്തോടെയാണ് ആപ്പ് ഒരുങ്ങുന്നത്. ആദ്യഘട്ടമായി ഒരുമാസത്തിനുള്ളിൽ ആലപ്പുഴയിൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്.

കയർ മേഖലയിലെ ചകിരി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താവിന് ന്യായ വില നൽകി നാളികേരം സഹകരണ സംഘങ്ങൾക്ക് കൈമാറും. തൊണ്ട് കയർ ഫെഡ് സംഭരിച്ച് സംഘങ്ങള്‍ക്ക് നൽകും. തേങ്ങയിടീക്കാൻ ഹരിത സേന പൊലെയുള്ള സംഘങ്ങൾ രൂപീകരിച്ച് പരിശീലനം നൽകും.

പുരയിടമുള്ളവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാം. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ കൃത്യമായ ഇടവേളകളിലെത്തി തേങ്ങയിടുന്ന വിധത്തിലാണ് ക്രമീകരണം. ചകിരി ക്ഷാമം മൂലം കയർ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. ആവശ്യമായ ചകിരി നൂലിന്റെ 20 ശതമാനത്തിലും താഴെ മാത്രാമാണ് കേരളത്തിൽ സംഭരിക്കുന്നത്. 80 ശതമാനവും വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. അതിനാൽ കയർവില തീരുമാനിക്കുന്നത് തമിഴ്നാടാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ