കാഞ്ഞങ്ങാട് നഗരത്തിലെ യു ടേണ്‍ പുന:സ്ഥാപിക്കാന്‍ മന്ത്രിക്ക് നിവേദനം

കാഞ്ഞങ്ങാട് നഗരത്തിലെ യു ടേണ്‍ പുന:സ്ഥാപിക്കാന്‍ മന്ത്രിക്ക് നിവേദനം


കാഞ്ഞങ്ങാട് : കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഒഴിവാക്കിയ നഗരത്തിലെ യു ടേണ്‍ പുന: സ്ഥാപിക്കണമെന്ന ആവശ്യവുമായി നഗരസഭാ ചെയര്‍മാനും. കെഎസ്ടിപി റോഡ് തുറന്നു കൊടുത്തതിനു ശേഷം ഓട്ടോഡ്രൈവേഴ്സ് യൂണിയനുകള്‍ ഉള്‍പ്പെടെയുള്ള വിവിധ മോട്ടോര്‍ തൊഴിവാളി യൂണിയനുകള്‍ ഉന്നയിച്ച ആവശ്യമാണ് നഗരസഭ ഏറ്റെടുത്തത്. നോര്‍ത്ത് കോട്ടച്ചേരി മുതല്‍ വ്യാപാര ഭവന്‍ വരെ ഉണ്ടായിരുന്ന യൂ ടേണ്‍ ആണ് കെഎസ്ടിപി റോഡ് വന്നതോടെ കൊട്ടിയടച്ചത്. നേരത്തെ ഈ ആവശ്യമുയര്‍ന്നപ്പോഴെല്ലാം ഇത് റോഡില്‍ താഗതക്കുരുക്കിനിടയാക്കുമെന്നും അപ്രായാഗികമാണെന്നുമായിരുന്നു കെഎസ്ടിപി അധികൃതരുടെ വാദം.

എന്നാല്‍ നഗരസഭാ ചെയര്‍മാന്‍ തന്നെ ഈ ആവശ്യമുന്നയിച്ചതോടെ ഉടന്‍ നടപ്പാകാനാണ് സാധ്യത. നോര്‍ത്ത് കോട്ടച്ചേരിക്കും ടിബി റോഡ് ജംഗ്ഷനുമിടയില്‍ എവിടെയും വാഹനങ്ങള്‍ തിരിയാന്‍ സൗകര്യമില്ലാത്തതാണ് നിലവിലെ ക്രമീകരണം. പല വഴി തിരിയേണ്ട വാഹനങ്ങള്‍ ഇത്രയും ദൂരം ഓടുമ്പോള്‍ ഗതാഗതക്കുരുക്കുണ്ടാകുന്നുവെന്നു യൂണിയനുകളും യൂ ടേണാണ് കുരുക്കുണ്ടാക്കുകയെന്നു കെഎസ്ടിപി അധികൃതരും വാദിക്കുന്നു.

ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി യൂബര്‍ ടാക്സി മാതൃകയില്‍ ഏയ് ഓട്ടോ ആപ്പ് നടപ്പാക്കുമ്പോള്‍ യു ടേണ്‍ ഇല്ലാത്തത് ചെറുകിട വാഹന ഉടമകളെയും ടാക്സികളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന സാഹചര്യത്തിലാണ് ചെയര്‍മാന്റെ ഇടപെടല്‍. അടിക്കടി ഇന്ധന വിലവര്‍ധന കൂടിയാകുമ്പോള്‍ ഓട്ടോത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നഗരത്തെ കയ്യൊഴിയുന്നുവെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാല്‍ ഉടന്‍ യു ടേണ്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ക്കു ചെയര്‍മാന്‍ നിവേദനം നല്‍കി.

Post a Comment

0 Comments