പഞ്ചനക്ഷത്ര ഹോട്ടലിന് സമീപത്തെ പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി;വിഷാംശം കലര്‍ന്നതായി സംശയം

പഞ്ചനക്ഷത്ര ഹോട്ടലിന് സമീപത്തെ പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി;വിഷാംശം കലര്‍ന്നതായി സംശയം


ബേക്കല്‍: കാപ്പില്‍ ബീച്ചിനടുത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് സമീപത്തെ പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ഇതോടെ പുഴയില്‍ വിഷാംശം കലര്‍ന്നതായി പരിസരവാസികള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പും പോലീസുമെത്തി പുഴയിലെ വെള്ളം പരിശോധനയ്ക്കയച്ചു. കഴിഞ്ഞ ദിവസമാണ് പുഴയില്‍ നിരവധി വലിയ മീനുകള്‍ ചത്തുപൊങ്ങിയതായി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ എത്തിയത്.


കാപ്പില്‍ പുഴ അഴിമുഖത്തോട് ചേരുന്ന ഭാഗത്ത് മണ്ണ് നിറഞ്ഞ് കടലില്‍ നിന്നും പുഴയിലേക്കുള്ള ഒഴുക്ക് തടസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അഴിപൊളിച്ചതോടെ പുഴയിലെ വെള്ളം കടയിലേക്ക് ഒഴുകിയിരുന്നു. അഴി പൊളിക്കുമ്പോള്‍ തന്നെ ദുര്‍ഗന്ധമുണ്ടായിരുന്നതായാണ് പരിസരവാസികള്‍ പറയുന്നത്. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ശ്രീന മധു, ചന്ദ്രന്‍ നാലാംവാതുക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രശ്മി ബാലന്‍, ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ഗോവിന്ദന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി ഗോപിനാഥ്, ബേക്കല്‍ പോലീസ്, ഫിഷറീസ് അധികൃതര്‍ എന്നിവരും എത്തിയിരുന്നു.പുഴയിലെ വെള്ളവും സമീപത്തെ ഒരു വീട്ടിലെ കിണറിലെ വെള്ളവും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും ഇവ പരിശോധനയ്ക്കായി കാസര്‍കോട് വാട്ടര്‍ അതോറിറ്റി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ഗോവിന്ദന്‍ പറഞ്ഞു. നാലു ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. റിസോര്‍ട്ടിന് സമീപത്ത് ചെറിയ മീനുകളെല്ലാം ജീവനോടെയുണ്ടെന്നും വലിയ മീനുകള്‍ മാത്രമാണ് ചത്തുപൊങ്ങിയതായി കണ്ടെത്തിയിട്ടുള്ളതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. എന്തെങ്കിലും രീതിയിലുള്ള വിഷാംശം കലര്‍ന്നതു കൊണ്ടാകാം മീനുകള്‍ ചത്തതെന്നാണ് സംശയം.

Post a Comment

0 Comments