കാഞ്ഞങ്ങാട്ടെ കുത്തഴിഞ്ഞ ട്രാഫിക്കും വെള്ളക്കെട്ടും; വ്യാപാരികൾ സമരത്തിന്

കാഞ്ഞങ്ങാട്ടെ കുത്തഴിഞ്ഞ ട്രാഫിക്കും വെള്ളക്കെട്ടും; വ്യാപാരികൾ സമരത്തിന്

കാഞ്ഞങ്ങാട്: അശാസ്ത്രീയമായ ട്രാഫിക്ക് പരിഷ്‌കാരങ്ങൾക്കും പാർക്കിങ് സംവിധാനത്തിലെ പോരായ്മകൾക്കും ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാതെ നഗരത്തിൽ വ്യാപകമായുണ്ടാകുന്ന വെള്ളക്കെട്ടും മൂലം വ്യാപാരികൾക്കും വിവിധാവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്കും നേരിടുന്ന പ്രയാസങ്ങൾക്കും പരിഹാരമില്ല.

വടക്ക് പുതിയകോട്ട മുതൽ നോർത്ത് കോട്ടച്ചേരി വരെയും തെക്ക് കൊവ്വൽപ്പള്ളി വരെയും നഗരത്തിൽ അങ്ങിങ്ങായി രൂപപ്പെടുന്ന വെള്ളക്കെട്ടുകൾക്ക് പരിഹാരം കാണാൻ യാതൊരു നടപടിയും അധികാരികൾ രൂപീകരിക്കുന്നില്ല.  കെ.എസ്.ടി.പി സംസ്ഥാന പാതയിൽ കെട്ടിനിൽക്കുന്ന വെള്ളം വാഹനങ്ങൾ തെറുപ്പിച്ച് വിടുന്നത് സർവീസ് റോഡുകളിലൂടെ നടന്ന് പോകുന്നവരുടേയും സീബ്രാ ലൈൻ ക്രോസ് ചെയ്യുന്നവരുടേയും മേലിലേക്കാണ്. സർവീസ് റോഡുകളിൽ നിന്ന് ഓവുചാലുകളിലേക്കുമ വെള്ളം ഒഴുകിപ്പോവാനുള്ള സംവിധാനങ്ങൾ തികച്ചും അശാസ്ത്രീയമായതിനാൽ സർവീസ് റോഡുകളിലും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. നിലവിലുള്ള അപാകത പൂർണമായും പരിഹരിക്കാതെ പേ പാർക്കിങ് സംവിധാനം ഏർപ്പെടുത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി.

നഗരത്തിലെ വെള്ളക്കെട്ടുകൾ നീക്കാനും ഓവുചാൽ ഫലപ്രദമാക്കാനും നടപടിയില്ലെങ്കിൽ സമരത്തിനിറങ്ങാനും മർച്ചൻറ്‌സ് അസോസിയേഷൻ നിർവാഹക സമിതിയോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് കലക്ടർ, സബ് കലക്ടർ, ആർ.ടി.ഒ, ജോയിൻറ് ആർ.ടി.ഒ നഗരസഭ ചെയർമാൻ തുടങ്ങിയവരെ കണ്ട് സംസാരിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി.

പ്രസിഡൻറ് യുസഫ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എ പീറ്റർ, കെ.വി ലക്ഷ്മണൻ, എ.സുബൈർ, രാജേന്ദ്ര കുമാർ, എം.വിനോദ്, എ. ഹമീദ് ഹാജി, ഗിരീഷ് നായക്ക്, പ്രദീപ്, കെ. ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments