വ്യാഴാഴ്‌ച, ജൂലൈ 25, 2019

കാഞ്ഞങ്ങാട്; കാഞ്ഞങ്ങാട്ട് ജ്വല്ലറിയുടെ പൂട്ട് തകര്‍ത്ത് സ്വര്‍ണ-വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് വടക്കുഭാഗത്തെ കോംപ്ലക്സിലുള്ള കണ്ണേഴത്ത് ഗോള്‍ഡിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണവും വെള്ളിയുമടക്കം രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കോംപ്ലക്സിലെ ഗോവണിപ്പടിക്ക് സമീപത്തെ ചെറിയ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഇവിടെ നിന്ന് 6900 രൂപയും മോഷണം പോയി. ജ്വല്ലറി കൂടുതല്‍ സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിനാല്‍ കൂടുതല്‍ ആഭരണങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നില്ല. ജ്വല്ലറിയിലെ സി സി ടി വി ക്യാമറകള്‍  പ്ലാസ്റ്റിക് ചാക്കുകൊണ്ട് മറച്ചിരുന്നു. അതിനാല്‍ കവര്‍ച്ചക്കാരെ തിരിച്ചറിയുന്നതിനുള്ള സൂചനയൊന്നും ലഭിച്ചില്ല. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്ത് താമസിക്കുന്ന അജയ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയാണിത്. സമീപത്തെ പാറപ്പള്ളി സ്വദേശി ഗോപാലകൃഷ്ണന്റെ സിറ്റി ടീ സ്റ്റാള്‍, സ്റ്റാര്‍ ലൈറ്റ്സ് ഇലക്ട്രോണിക്സ് എന്നിവിടങ്ങളിലും കവര്‍ച്ചാശ്രമം നടന്നു. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ