വ്യാഴാഴ്‌ച, ജൂലൈ 25, 2019
കാസര്‍കോട്; തട്ടിക്കൊണ്ടുപോകുന്നതും കൊലനടത്തുന്നതും ക്രൂരവിനോദമാക്കിയ അധോലോകസംഘങ്ങള്‍ കാസര്‍കോടിന്റെ ഉറക്കം കെടുത്തുന്നു. ഉപ്പള ബേക്കൂറിലെ അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ  സംഭവത്തോടെ നാട്ടില്‍ ആശങ്ക പെരുകുകയാണ്. വിദ്യാര്‍ഥിയെ പിന്നീട് കണ്ടെത്തിയെങ്കിലും ജനങ്ങളില്‍ ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. മൂന്നാഴ്ച മുമ്പാണ് ബേക്കൂര്‍ പുളികുത്തിയിലെ അല്‍ത്താഫിനെ എട്ടംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൈക്ക് മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ച് അല്‍ത്താഫിനെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. രക്തം വാര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയിലാണ് അല്‍ത്താഫ് മരിച്ചത്. ഈ സംഭവത്തിന്റെ  ഞെട്ടല്‍ മാറുംമുമ്പേ മജിര്‍പള്ളയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഹാരിസിനെ സ്വര്‍ണക്കടത്ത് സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുകയായിരുന്നു. പണത്തിന് വേണ്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവ് വാര്‍ത്തയാണ്. അതിന് സമാനമായ സംഭവമാണ് മഞ്ചേശ്വരത്തുനടന്നത്.
മഞ്ചേശ്വരത്തും ഉപ്പളയിലും ചില അക്രമി സംഘങ്ങള്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമായി അഴിഞ്ഞാടുന്നുണ്ടെന്ന് പോലീസ് തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും ഇവരെ ജയിലിലടക്കാനുള്ള കാര്യക്ഷമമായ നടപടികള്‍  പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഈ സംഘങ്ങള്‍ക്ക് മംഗളൂരുവിലേയും മുംബൈയിലേയും അധോലോക സംഘങ്ങളുമായി ബന്ധമുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. പലരോടും സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ട്. പലരും ഇവരെ ഭയന്ന് പരാതി നല്‍കാന്‍ മുതിരാറില്ല.
ആരെങ്കിലും പരാതി നല്‍കിയാല്‍ തന്നെ വീട്ടില്‍ കയറി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന മണല്‍ ലോറികളേയും ദേശീയപാതയിലെ വാഹന യാത്രക്കാരേയും തടഞ്ഞുനിര്‍ത്തി പണം കൊള്ളയടിക്കുന്ന സംഘങ്ങളും ഈ ഭാഗത്ത് സജീവമാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ