വെള്ളിയാഴ്‌ച, ജൂലൈ 26, 2019
കാഞ്ഞങ്ങാട് : വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കേണ്ടവര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് വിമുക്തഭടന്‍ മരിച്ച കേസില്‍ പ്രതിയായ  ബസ് ഡ്രൈവറെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു. വെള്ളിക്കോത്ത് മീത്തല്‍ വീട്ടിലെ ടി.വി.പ്രമോദിനാണ് (34) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) 16 മാസം തടവും അയ്യായിരം രൂപ പിഴയും വിധിച്ചത്.  പിഴയടക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഒരു മാസം കൂടി തടവനുഭവിക്കണം.
2013 നവംബര്‍ 23 ന് രാവിലെ പെരിയ മൂന്നാംകടവ് പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ വെള്ളിക്കോത്ത് കാരക്കുഴിയിലെ കെ ടി രവീന്ദ്രന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയതിരുന്നു. വെള്ളിക്കോത്തുനിന്ന് കുണ്ടംകുഴിയിലെ  ഓഡിറ്റോറിയത്തിലേക്കു പുറപ്പെട്ട കെഎല്‍ 60 ഡി 4446 നമ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. 20 പേരാണ് ബസിലുണ്ടായിരുന്നത്.
നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണ്‍ തകര്‍ത്ത ബസ് തൊട്ടടുത്ത മതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രവീന്ദ്രന്‍ പിന്നീട് ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. രാഘവന്‍, ദാമോദരന്‍, ലീല, സുരേഷ് കുമാര്‍, ഗായത്രി, നാരായണന്‍, അനാമിക,ടി വി കൃഷ്ണന്‍,  രാഘവന്‍, രത്നാകരന്‍, ഭാസ്‌കരന്‍, ഹേമലത, ശ്രീഹരി, നാരായണന്‍  തുടങ്ങി നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ