
കാസര്‍കോട്; ബേക്കൂര്‍ സ്വദേശി അല്‍ത്താഫിനെ(48) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഉപ്പള കുക്കാര്‍ സ്വദേശി ഷബീര്‍ എന്ന ഷബി(36)യെ വനിതാജഡ്ജിയുടെ സാന്നിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരേഡിനിടെ സാക്ഷി തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് ഷബീറിനെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (ഒന്ന്) കോടതി മജിസ്‌ട്രേട്ട് ശ്രീജ ജനാര്‍ദ്ദനന്‍നായരുടെ സാന്നിധ്യത്തില്‍ കാസര്‍കോട് സബ്ജയിലില്‍ വെച്ച് തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കിയത്. അല്‍ത്താഫിനെയും വളര്‍ത്തുമകളുടെ കുട്ടിയെയും ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നതിന് സാക്ഷിയായ ആളാണ് ഷബീറിനെ തിരിച്ചറിഞ്ഞത്. കര്‍ണാടകയിലെ രണ്ട് കേസുകളുമായി ബന്ധപ്പെട്ട് മംഗളൂരു ജയിലിലായിരുന്ന ഷബീറിനെ അവിടെ നിന്ന് പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരാക്കുകയും കോടതിയുടെ അനുമതിയോടെ ഷബീറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അല്‍ത്താഫ് വധക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഷബീറിനെ പിന്നീട് കാസര്‍കോട് സബ് ജയിലിലടച്ചു. തുടര്‍ന്നാണ് തിരിച്ചറിയല്‍ പരേഡിനുള്ള നടപടിയുണ്ടായത്.ഷബീറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും അറസ്റ്റിലാകാനുള്ള മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്. എട്ട് പ്രതികളുള്ള അല്‍ത്താഫ് വധക്കേസില്‍ ഷബീറും റമീസും മാത്രമാണ് അറസ്റ്റിലായത്. ആറുപ്രതികള്‍ ഇപ്പോഴും പോലീസിന്റെ വലക്ക് പുറത്താണ്. അല്‍ത്താഫിനെ കൊലപ്പെടുത്തിയ കേസില്‍ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടരുന്നുണ്ട്
0 Comments