ഉപ്പയുടെ കണ്‍മുന്നില്‍ മകനെ കുത്തിക്കൊന്ന കേസില്‍ വിചാരണാ നടപടിക്രമങ്ങള്‍ തുടങ്ങി

ഉപ്പയുടെ കണ്‍മുന്നില്‍ മകനെ കുത്തിക്കൊന്ന കേസില്‍ വിചാരണാ നടപടിക്രമങ്ങള്‍ തുടങ്ങി

കാസര്‍കോട്:  ഉപ്പയുടെ കണ്‍മുന്നില്‍ മകനെ കുത്തിക്കൊന്ന കേസിന്റെ വിചാരണാനടപടികള്‍ കോടതിയില്‍ ആരംഭിച്ചു. തളങ്കര നുസ്രത്ത് നഗര്‍ തൗഫീഖ് മന്‍സിലിലെ സൈനുല്‍ ആബിദിനെ (22) കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലാണ്  വിചാരണക്ക് മുന്നോടിയായുള്ള നടപടികള്‍  ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. 21 പ്രതികളില്‍ 14 പേര്‍  കോടതിയില്‍ ഹാജരായി. ബട്ടംപാറയിലെ മഹേഷ്, ഉദയന്‍, കെ  പ്രശാന്ത്, ബി ഹരീഷ്, അനില്‍ കുമാര്‍ കെ, എം വരൂണ്‍ കുമാര്‍, എ ശൈലേഷ്, ജ്യോതിഷ്, അജയകുമാര്‍ ഷെട്ടി, അഭിഷേക്, അക്ഷയറായ്, കെ കൃഷ്ണന്‍, കെ സച്ചിന്‍, കെ വിജേഷ്, അഭിഷേക്, പ്രജിത്, സജിത് കുമാര്‍, വൈശാഖ്, രാധാ കൃഷ്ണന്‍, ജി ആര്‍ അനില്‍ കുമാര്‍, സംപ്രീത് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ പ്രശാന്ത് കുത്തേറ്റ് പരുക്കുകളോടെ ആശുപത്രിയില്‍  ചികിത്സയിലായതിനാല്‍ കോടതിയില്‍ ഹാജരാകാനായില്ല. ഹാജരാകാത്ത മറ്റ്  പ്രതികളുടെ അഭിഭാഷകര്‍ ഇതിന്റെ കാരണം കോടതിയെ ബോധ്യപ്പെടുത്തി.  2014 ഡിസംബര്‍ 22 ന് രാത്രി കാസര്‍കോട് എം ജി റോഡില്‍ ലീഗ് ഓഫീസിന് സമീപത്തെ കടയില്‍ അതിക്രമിച്ചു കയറിയ സംഘം സൈനുല്‍ ആബിദിനെ കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആബിദിന്റെ പിതാവ് മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കടയാണിത്. കട പൂട്ടുന്നതിനു മുമ്പ് സാധനങ്ങള്‍ അടുക്കിവെക്കാന്‍ മുഹമ്മദ് കുഞ്ഞിയെ ആബിദ് സഹായിക്കുന്നതിനിടെയാണ് ഓര്‍ക്കാപ്പുറത്ത് ആക്രമണമുണ്ടായത്. അക്രമത്തെ തുടര്‍ന്ന് മുഹമ്മദ് കുഞ്ഞിയുടെ മടിയിലേക്ക് തെറിച്ചുവീണ ആബിദിനെ സംഘം തലങ്ങും വിലങ്ങും കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ദൃക്സാക്ഷിയായ പിതാവ് മുഹമ്മദ് കുഞ്ഞിയുടെ മൊഴി പ്രകാരമാണ് കാസര്‍കോട് ടൗണ്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. മുഴുവന്‍ പ്രതികളെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments