ആന്തൂര്‍ നഗരസഭയിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച്; 6 പ്രവര്‍ത്തകര്‍ റിമാന്റില്‍

ആന്തൂര്‍ നഗരസഭയിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച്; 6 പ്രവര്‍ത്തകര്‍ റിമാന്റില്‍

തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭയിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ ആറ് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍, ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് നേതാവുമായ അന്‍സാരി തില്ലങ്കേരി, മണ്ണന്‍ സുബൈര്‍, ജാഫര്‍ ഇഖ്ബാല്‍, പൂക്കോത്ത് സിറാജ്, സൈനുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ ഐ.പി.സി 143, 147, 283 റെഡ് വിത്ത്, 149 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ഡി.വൈ.എസ്.പി സജേഷ് വാഴാളപ്പില്‍ ഉള്‍പ്പെടെ പോലീസുദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് ഇരിക്കൂര്‍ നിലാമിറ്റത്തെ വെങ്ങാച്ചേരിയില്‍ വീട്ടില്‍ വി.സി ജുനൈര്‍ (36), പാപ്പിനിശേരി അരോളി സ്വദേശികളായ ടി.വി ഹൗസില്‍ ടി.വി തസ്നീം (21), കെ.പി ഹൗസില്‍ കെ.പി ഇജിലാന്‍ (19), പാനൂര്‍ പെരിങ്ങളത്തെ ലഹര്‍ ഹൗസില്‍ സി.കെ നജാഫ് (27), കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവിലെ വി.വി ഹൗസില്‍ വി.വി സൈനുദ്ദീന്‍ (25), എളയാവൂര്‍ പാറേത്ത് ഹൗസില്‍ അസ്ലം (25) എന്നിവരെയാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടഞ്ഞതിനും പരിക്കേല്‍പ്പിച്ചതിനും തളിപ്പറമ്പ് സി.ഐ ഇ.സത്യനാഥന്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments