വ്യാഴാഴ്‌ച, ഓഗസ്റ്റ് 01, 2019

കാസര്‍കോട്:  ലോഡ്ജില്‍ അതിക്രമിച്ചുകയറിയ മുഖംമൂടിസംഘം കെ എസ് ആര്‍ ടി സി കണ്ടക്ടറെ മര്‍ദിച്ചു. നീലേശ്വരം ചാത്തമത്ത് സ്വദേശിയും കാസര്‍കോട് ഡിപ്പോയിലെ ബസ് കണ്ടക്ടറുമായ കെ മനോജിനെയാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്.  കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നഗരത്തിലെ ലോഡ്ജിലെ മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു മനോജ്. പുലര്‍ച്ചെ  വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോള്‍ അകത്തു കയറിയ സംഘം മനോജിനെ മാരകായുധവുമായി ആക്രമിക്കുകയായിരുന്നു. തലയ്ക്ക്  സാരമായി പരുക്കേറ്റ മനോജിനെ  കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ജോലി കഴിഞ്ഞ് ലോഡ്ജ് മുറിയിലാണ് താമസിക്കാറുള്ളത്. അടുത്ത മുറികളില്‍ വേറെയും ജീവനക്കാരുണ്ടായിരുന്നു. രാവിലെ തൊട്ടടുത്ത റൂമിലെ താമസക്കാര്‍ ഉണര്‍ന്നപ്പോഴാണ് ബോധരഹിതനായി വീണുകിടന്ന മനോജിനെ കണ്ടത്. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ