സ്വർണപ്പണയ കൃഷിവായ്പ നിർത്താൻ കേന്ദ്ര തീരുമാനം; ഒക്ടോബർ മുതൽ 4% വായ്പ ഇല്ല
തിരുവനന്തപുരം: 4 % വാർഷിക പലിശ മാത്രമുള്ള സ്വർണപ്പണയ കൃഷിവായ്പ പദ്ധതി കേന്ദ്രസർക്കാർ നിർത്തലാക്കുന്നു. ഒക്ടോബർ ഒന്നു മുതൽ പദ്ധതിയുണ്ടാകില്ലെന്നു കേന്ദ്രത്തിലെ പുതിയ ധനസെക്രട്ടറി രാജീവ് കുമാർ പൊതുമേഖലാ ബാങ്ക് മാനേജിങ് ഡയറക്ടർമാരുമായി 31നു നടത്തിയ വിഡിയോ കോൺഫറൻസിൽ വ്യക്തമാക്കി. വായ്പ കൈപ്പറ്റുന്നവരിൽ ഏറെയും കർഷകരല്ലെന്ന വ്യാപക പരാതി കണക്കിലെടുത്താണു നടപടി. ഏറ്റവുമൊടുവിൽ മന്ത്രി വി.എസ്. സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്കിനും നൽകിയ പരാതിയാണു തീരുമാനം വേഗത്തിലാക്കിയത്.
കൃഷിക്കാർക്കു മാത്രം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വായ്പ ഇനി കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) വഴിയാക്കാനാണു കേന്ദ്രം ആലോചിക്കുന്നത്. കെസിസി ആധാറുമായി ബന്ധിപ്പിക്കണമെന്നു നിർദേശമുണ്ട്. വായ്പ അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നു ബാങ്കുകളോടു നിർദേശിച്ചിട്ടുമുണ്ട്.
സാധാരണക്കാരനു കുറഞ്ഞ പലിശയ്ക്ക് അര മണിക്കൂറിനകം കിട്ടുന്ന വായ്പയാണ് ഇല്ലാതാകുന്നത്. ഒരു ലക്ഷം രൂപ കിട്ടാൻ കർഷകനെന്ന സത്യവാങ്മൂലം മാത്രം മതി. അതിനു മേൽ 3 ലക്ഷം രൂപ വരെ ഭൂനികുതി രസീത് വേണം. കേന്ദ്രനീക്കം കണക്കിലെടുത്ത് ചില ബാങ്കുകൾ ഇതിനകം തന്നെ പദ്ധതി നിർത്തലാക്കി. യഥാർഥ പലിശ 9 % ആണെങ്കിലും 5 % കേന്ദ്രം സബ്സിഡിയായി ബാങ്കുകൾക്കു നൽകുകയായിരുന്നു. ഇതു നിർത്തലാക്കുന്നതോടെ ഫലത്തിൽ 9 % പലിശ നൽകേണ്ടിവരും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ