തിങ്കളാഴ്‌ച, ഓഗസ്റ്റ് 05, 2019


കാഞ്ഞങ്ങാട് : റെയില്‍വേ സ്റ്റേഷന്‍ പരസ്യമായി മദ്യംവിറ്റ അഞ്ചംഗ സംഘത്തെ പിടിച്ച് പോലീസ് ജീപ്പില്‍ കയറ്റിയ ശേഷം പാതി വഴിയില്‍ ഇറക്കിവിട്ടതായി പരാതി. ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ രണ്ടുപേരെയാണ് പിടിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്ന മദ്യമാണ് വില്‍പ്പന നടത്തിയത്.

അന്‍പതിലേറെ ചെറുതും വലുതുമായ മദ്യക്കുപ്പികള്‍ ഇവരുടെ കൈയില്‍ ഉണ്ടായിരുന്നു. മദ്യവില്‍പ്പനയ്ക്കിടെ ഇവര്‍തമ്മില്‍ ചിലസമയങ്ങളില്‍
വാക്കുതര്‍ക്കവും അടിയും നടക്കുന്നുണ്ടായിരുന്നു. ഇത് യാത്രക്കാര്‍ക്ക് ദുരിതമായതോടെ നാട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇതോടെ ഇവര്‍ പലവഴിക്കായി ഓടി. നാട്ടുകാരും സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് രണ്ടുപേരെ തടഞ്ഞുവെച്ചു. പോലീസെത്തിയ ഉടന്‍ ആരാണ് ഇവരെ തടഞ്ഞുവച്ചതെന്ന് ചോദിച്ച് നാട്ടുകാരോട് ക്ഷുഭിതരായി. കൂട്ടത്തിലുണ്ടായിരുന്ന ചെറുപ്പക്കാരന്‍ ഉള്‍പ്പടെ രണ്ടുപേരെ പിടിച്ച് അഡീഷണല്‍ എസ്.ഐ. ജീപ്പിനടുത്തേക്ക് തള്ളി. തുടര്‍ന്ന് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു.

അതേസമയം മദ്യവില്‍പ്പനയില്‍ ഏര്‍പ്പെട്ട രണ്ടുപേരെയും ജീപ്പിലേക്ക് കയറ്റുകയുംചെയ്തു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍നിന്ന് ടൗണിലെ റോഡിലേക്ക് എത്തുന്നതിനുമുമ്പെ ജീപ്പ്‌നിര്‍ത്തി. മദ്യംവിറ്റ രണ്ടുപേരോടും പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. രണ്ടുപേരും പോയശേഷം ജീപ്പിലുണ്ടായിരുന്ന മറ്റുരണ്ടുപേരെയും ഇറക്കിവിടുകയുംചെയ്തു. അതേസമയം മദ്യംവിറ്റതായി തെളിവില്ലെന്നും ഒരാള്‍ക്ക് സൂക്ഷിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ ഇവരുടെ കൈയില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് ഭാഷ്യം. അതിനിടെ ഇവര്‍ മദ്യംവില്‍ക്കുന്ന വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയും ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ