ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കി. ദിവസങ്ങളായി നീണ്ടു നിന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാജ്യസഭയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. സർക്കാർ ശുപാർശ അംഗീകരിച്ച രാഷ്ട്രപതി തീരുമാനത്തിൽ ഒപ്പു വച്ചിരുന്നു. ആർട്ടിക്കിള്‍ 370 റദ്ദാക്കാനുളള തീരുമാനം കേന്ദ്ര സർക്കാർ ഉടൻ തന്നെ നടപ്പിലാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇത് ശരിവച്ചു കൊണ്ടാണ് ഇന്ന് പ്രഖ്യാപനമെത്തുന്നത്.
നിര്‍ണായക പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നിരുന്നു. പിന്നാലെയാണ് സഭയിലെത്തിയ അമിത് ഷാ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. നേരത്തെ തന്നെ സംസ്ഥാനത്ത് സൈനിക നടപടികൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അർദ്ധ രാത്രി മുതൽ നിരോധനാജ്ഞയും നിലവിൽ വന്നു. മെഹബൂബ മുഫ്തി, ഒമർ അബ്ദുളള തുടങ്ങി മുഖ്യധാര രാഷ്ട്രീയ പാർട്ടി നേതാക്കളെയെല്ലാം വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു.
സർക്കാറിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് അമിത് ഷായുടെ നിർണായക പ്രഖ്യാപനവും എത്തുന്നത്

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ