പാലക്കുന്ന് : ഉദുമ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളില്‍ കടലേറ്റം രൂക്ഷമായി തുടരുന്നു. തൃക്കണ്ണാട്, ഗോപാല്‍പേട്ട, മാളിക വളപ്പ് എന്നിവടങ്ങളിലെ അഞ്ചു വീട്ടുകാര്‍ കടലാക്രമണ ഭീഷണിയിലാണ്.
ഗോപാല്‍പേട്ട ,മാളിക വളപ്പുഭാഗങ്ങളിലെ മത്സ്യതൊഴിലാളികളായ ചന്ദ്രന്‍, മോഹനന്‍, കല്യാണി, സരോജിനി, ചന്ദ്രിക, എന്നിവരുടെ കിടപ്പാടം ഏത് നിമിഷവും കടലെടുക്കുമെന്ന ഘട്ടത്തിലാണ്.
കടല്‍ ഭിത്തിയുണ്ടെങ്കിലും ശക്തമായ തിരയില്‍ നഷ്ടപ്പെട്ട കടല്‍ ഭിത്തി അമര്‍ന്നതോടെയാണ് വീടുകള്‍ ഭീഷണിയിലായത്. തിരയടിക്കുമ്പോള്‍ ഈ വീടുകള്‍ കുലുങ്ങുന്നതായി അനുഭവപ്പെടുന്നുണ്ട്.
തൃക്കണ്ണാട് ആറാട്ടിന് ദേവനെ എഴുന്നെള്ളിച്ചു കൊണ്ടുവന്ന് കടല്‍ത്തീരത്ത് ഇരുത്തുന്നതിനായി നിര്‍മിച്ചിട്ടുള്ള മണ്ഡപവും കടലേറ്റ ഭീഷണി നേരിടുകയാണ്. ഈ മണ്ഡപവും കഴിഞ്ഞ് തിരകള്‍ മേലോട്ടു കയറിയതോടെ പരിസരം മുഴുവനും മാലിന്യം നിറഞ്ഞു. ഇന്നലെ രാവിലെ ഈ മണ്ഡപത്തിന് മുന്നില്‍ നിരവധി വിശ്വാസികള്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തിയിരുന്നു.
മണ്ഡപത്തിന്റെ പരിസരം മാലിന്യം നിരന്നതോടെ വരും ദിവസങ്ങളിലെ പിതൃ തര്‍പ്പണ ചടങ്ങുകള്‍ക്ക് പുതിയ സ്ഥലം തേടേണ്ടി വരുമെന്ന ആശങ്കയുണ്ടെന്ന് തൃക്കണ്ണാട് ക്ഷേത്രം ട്രസ്റ്റി അംഗം അരവത്ത് കെ.ശിവരാമന്‍ മേസ്ര്തിയും, എക്്‌സിക്യട്ടീവ് ഓഫീസര്‍ കെ ജഗദീഷ് പ്രസാദും പറഞ്ഞു. ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍, കൊവ്വല്‍, ജന്മ കടപ്പുറങ്ങളില്‍ ഒരാഴ്ചയിലധികമായി കടലേറ്റം തുടരുകയാണ്.
ഇവിടെ 50 മീറ്ററിലധികംകര കടലെടുത്തു കഴിഞ്ഞു. നൂറിലധികം കായ്ക്കുന്ന തെങ്ങുകള്‍ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് കടല്‍ ഭിത്തി ഇല്ലാത്തത് പ്രദേശവാസികളുടെ ദുരിതത്തിന് ആക്കം കൂട്ടുകയും ചെയ്യും.
0 Comments