വെള്ളത്തിനടിയിലായി ശ്രീകണ്ഠാപുരം നഗരം

വെള്ളത്തിനടിയിലായി ശ്രീകണ്ഠാപുരം നഗരം

 ശ്രീകണ്ഠാപുരം: രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ ശ്രീകണ്ഠാപുരം നഗരം പൂര്‍ണമായും വെള്ളത്തിനടയിലായി. പുഴകള്‍ നിറഞ്ഞു കവിഞ്ഞതോടെ ഈ സ്ഥലം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. തളിപ്പറമ്പ്, ഇരിക്കൂര്‍, പയ്യാവൂര്‍, മയ്യില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ശ്രീകണ്ഠാപുരേത്തക്ക് എത്താനുള്ള വഴികളും പൂര്‍ണമായും തടസ്സപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.  ശക്തമായ മഴയില്‍ ശ്രീകണ്ഠപുരം പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് നഗരത്തിലെ എല്ലാം കെട്ടിടങ്ങളിലെയും ഒന്നാം നിലയും ബസ് സ്റ്റാന്‍ഡും പൂര്‍ണമായും വെള്ളത്തിനടയിലായി. രാത്രിയോടെ വെള്ളം ഉയരാന്‍ തുടങ്ങിയതിനാല്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ശ്രീകണ്ഠാപുരം നഗരത്തിനോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍.  തളിപ്പറമ്പ് നിന്നും ശ്രീകണ്ഠാപുരത്തേക്ക് വരുന്ന പ്രധാന പാതയില്‍ ചെങ്ങളായി എന്ന സ്ഥലത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടിയില്‍ നിന്ന് വരുന്ന പാതയിലുള്ള മടമ്പം പുഴ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഈ പാതയിലെ ഗതാഗതവും തടസ്സപ്പെട്ടു. ശ്രീകണ്ഠാപുരത്ത് നിന്നും പയ്യാവൂരിലേക്കുള്ള റോഡില്‍ പൊടിക്കളം എന്ന സ്ഥലത്ത് വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഈ റൂട്ടിലും ഗതാഗതം മുടങ്ങി. ശ്രീകണ്ഠപുരം നഗരം തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്.  മേഖലയില്‍ വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടു. ശ്രീകണ്ഠപുരം സെക്ഷനു കീഴിലെ ചെമ്പിലേരി, ഓടത്തുപാലം, പി.കെ കോംപ്ലക്‌സ്, ജയജ്യോതി, തുമ്പേനി, വഞ്ഞൂര്‍, മടമ്പം ചര്‍ച്ച്, അമ്പത്താറ് ടവര്‍ എന്നിവിടങ്ങളിലെ ട്രാന്‍സ് ഫോര്‍മറുകള്‍ വെള്ളത്തിലായതിനാല്‍ ഓഫ് ചെയ്തു. പലയിടത്തും ത്രീ ഫേസ് ലൈനുകളും ഓഫാക്കി. നിരവധി വൈദ്യുത പോസ്റ്റുകള്‍ കടപുഴകിയതിനാലും മരം വീണ് ലൈനുകള്‍ പൊട്ടിയതിനാലും നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. ചെമ്പേരി സെക്ഷനില്‍ 10 പോസ്റ്റുകളും വൈദ്യുത ലൈനുകളും പൊട്ടിയിട്ടുണ്ട്. ശ്രീകണ്ഠാപുരത്തു നിന്നുള്ള പയ്യാവൂര്‍ ഫീഡറും ഇരിട്ടിയില്‍ നിന്നുള്ള ഉളിക്കല്‍ ഫീഡറും രണ്ട് ദിവസമായി തകരാറിലാണ്. ഇരിക്കൂറില്‍ പെരുമണ്ണ്, ജെമിനി, വളവുപാലം, ഡയനാമോസ് ഗ്രൗണ്ട്, നിടുവള്ളൂര്‍ തുടങ്ങിയ ട്രാന്‍സ്ഫോര്‍മറുകളും വെള്ളം ഉയര്‍ന്നതിനാല്‍ ഓഫ് ചെയ്തു. കരാര്‍ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുന്നതായി അസി. എന്‍ജിനീയര്‍ എ.പത്മനാഭന്‍ പറഞ്ഞു.

Post a Comment

0 Comments