ബദിയടുക്ക; കുടുംബം പുറത്തുപോയ സമയത്ത് പ്രവാസിയുടെ പൂട്ടിയിട്ട വീട് പട്ടാപ്പകല്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും കൊള്ളയടിച്ചു. കന്യപ്പാടി പടിപ്പുരക്ക് സമീപം പ്രവാസിയായ ലത്തീഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ കോണിപ്പടിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് ഒമ്പതര പവന്‍ സ്വര്‍ണാഭരണങ്ങളും 39000 രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു. ലത്തീഫ് ഗള്‍ഫില്‍ തന്നെയുള്ളതിനാല്‍ ഭാര്യ റംസീലയും രണ്ട് മക്കളുമാണ് പടിപ്പുരക്ക് സമീപത്തെ വീട്ടില്‍ താമസിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 മണിയോടെ റംസീലയും മക്കളും കാസര്‍കോട്ടേക്ക് പോയിരുന്നു. 2.45 മണിയോടെ തിരിച്ചുവന്നപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. കവര്‍ച്ച സംബന്ധിച്ച് റംസീല നല്‍കിയ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുടുംബം വീടുപൂട്ടി പുറത്തുപോകുന്നതിനെക്കുറിച്ചും തിരിച്ചുവരുന്നതിനെക്കുറിച്ചും കൃത്യമായി അറിയുന്നവരാകാം കവര്‍ച്ചക്കുപിന്നിലെന്ന് പോലീസ് സംശയിക്കുന്നു. വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ പ്രദേശത്ത് വാടകക്ക് താമസിക്കുന്ന അന്യനാട്ടുകാരായ ചിലര്‍ അടക്കമുള്ളവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. മുമ്പ് കവര്‍ച്ചാക്കേസുകളില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

0 Comments