കാസര്‍കോട്: ബദിയടുക്ക ചര്‍ലുക്ക ഗോളിന്റടിയിലെ സിറാജുദ്ദീന് (40) ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിറാജുദ്ദീന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം ഹൊസങ്കടിയില്‍ വെച്ചാണ് സിറാജുദ്ദീന് വെടിയേറ്റത്. യുവാവിനെ ആശുപത്രിയിലെത്തിച്ചവര്‍ പിന്നീട് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. സിറാജുദ്ദീന്‍ സഞ്ചരിച്ച കാര്‍ മംഗളൂരുവില്‍ നിന്നും ഹൊസങ്കടി ഭാഗത്തേക്ക് വന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. കഴുത്തിനാണ് യുവാവിന് വെടിയേറ്റത്. സ്ഥിതി ഗുരുതരമായതിനാലാണ് ബന്ധുക്കള്‍ യുവാവിനെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നിന്നുമാണ് പോലീസിന് വിവരം ലഭിച്ചത്.
യുവാവില്‍ നിന്നും മൊഴിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും. കഴുത്തിനേറ്റ ബുള്ളറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തേക്ക് മാറ്റിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യുവാവിനെ ആശുപത്രിയിലെത്തിച്ച സംഘത്തില്‍പെട്ടവര്‍ തന്നെയാണ് ബന്ധുക്കളെ വിവരമറിയിച്ചതെന്നാണ് സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.
0 Comments