ബുധനാഴ്‌ച, ഓഗസ്റ്റ് 14, 2019



കോഴിക്കോട്: നേരിയ ശമനം നല്‍കിയ ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ മഴ വീണ്ടും കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കൊണ്ടു രൂക്ഷമായ സ്ഥിതിയിലായ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ രൂക്ഷമാകുമെന്നും മഴ ശക്തമാകുമെന്നുമാണ് കാലാവസ്ഥാ മുന്നറിയിപ്പ്. രണ്ടു ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. മലപ്പുറത്തും മഴ ശക്തമാണ്. കഴിഞ്ഞ ദിവസം ശക്തമായ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും മഴ പെയ്യുന്നുണ്ട്. കവളപ്പാറയില്‍ ഇതുവരെ കണ്ടെത്തിയത് 23 മൃതദേഹങ്ങള്‍, 36 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടിയ ഭാഗത്ത് ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. പൂതാനി അബ്ദുള്‍ കരീമിന്റെ ഭാര്യ സക്കീന (49), തിരിച്ചറിയാത്ത രണ്ട് പുരുഷന്മാര്‍, സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത മറ്റൊരാളുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. സക്കീനയുടെ മൃതദേഹത്തിന്റെ പകുതിമാത്രമേ കിട്ടിയുള്ളൂ.

രക്ഷാപ്രവര്‍ത്തനവും തെരച്ചിലും അഞ്ചാം ദിവസവും തുടരുകയാണ്. മഴക്കെടുതിയില്‍ 96 പേര്‍ മരണമടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. 51 പേരെകൂടി ഇനിയും കണ്ടെത്താനുണ്ട്. ചൊവ്വാഴ്ച തൃശ്ശൂരില്‍ മൂന്നുപേരും ആലപ്പുഴയില്‍ ഒരാളും മരിച്ചു. 1239 ദുരിതാശ്വാസ ക്യാമ്പുകളിലായുള്ളത് 2,26,491 പേര്‍.

മദ്ധ്യകേരളത്തിലും മഴ ശക്തമാണ്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലീമീറ്റര്‍ വരെ) അതിശക്തമായതോ (115 മുതല്‍ 204.5 വരെ മില്ലീമീറ്റര്‍) ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്ത നിവാരണ? വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും, ഇടുക്കിയിലും, മഴ ശക്തമായിത്തന്നെ തുടരുകയാണ്. എറണാകുളം നഗരത്തില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമില്ല.

കോട്ടയത്തും ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ തുടരുകയാണ്. പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈാരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. ഇടുക്കിയില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍ മേഖലയിലുള്ളവരോട് ക്യാമ്പുകളിലേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുട്ടനാട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. അപ്പര്‍ കുട്ടനാടും വെള്ളത്തിനടിയിലായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു. ഓഗസ്റ്റ് 17-നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ