വീതപ്പലിശയോ ലേലംവിളിയോ ഇല്ല; ഹലാൽ ചിട്ടികളുമായി കെഎസ്എഫ്ഇ
ലേലം വിളിയോ വീതപ്പളിശയോ ഇല്ലാതെ ഹലാൽ ചിട്ടി എന്ന പേരിലുള്ള പുതിയ ചിട്ടിക്ക് കെഎസ്എഫ്ഇ രൂപം നൽകിയതായി ധനമന്ത്രി ടി എം തോമസ് ഐസക്ക്. അധികം വൈകാതെ പുതിയ ചിട്ടി ആരംഭിക്കുമെന്നും മന്ത്രി ദുബായിൽ പറഞ്ഞു. 12 മുതൽ 20 പേർ മാത്രമുണ്ടാകുന്ന ഹ്രസ്വകാല ചിട്ടികളായിരിക്കും ഇത്. പരസ്പര സമ്മതത്താൽ ഓൺലൈൻ വഴി ആവശ്യക്കാർക്ക് ചിട്ടി വിളിച്ചെടുക്കാവുന്ന രീതിയിലാണ് ഹലാൽ ചിട്ടി ആവിഷ്കരിച്ചിരിക്കുന്നത്. പലിശ വാങ്ങുന്നത് വിശ്വാസത്തിന് എതിരാണെന്ന് കരുതുന്നവർക്ക് പുതിയ ചിട്ടി സ്വീകാര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹലാൽ ചിട്ടി. ഇസ്ലാമിക മത പണ്ഡിതരുമായും സാമ്പത്തിക വിദഗ്ധരുമായും കൂടിയാലോചനകൾ നടത്തിയശേഷമാണ് ഇത്തരമൊരു പദ്ധതി തുടങ്ങുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. ലോകത്തിന്റെ എവിടെ നിന്നും പ്രവാസിചിട്ടിയിൽ ചേരാവുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കിഫ്ബി ഏറ്റെടുക്കുന്ന പദ്ധതികൾ പ്രവാസി സംഘടനകൾക്കോ വ്യക്തികൾക്കോ സ്പോൺസർ ചെയ്യാനാകും. ഇത്തരത്തിൽ സ്പോൺസർ ചെയ്യുന്നവരുടെ പേരുകൾ പദ്ധതിയുടെ ഫലകത്തിൽ രേഖപ്പെടുത്തും. പ്രവാസികൾക്ക് ഇത്തരത്തിൽ അവരുടെ നാട്ടിലെ പദ്ധതികൾ സ്പോൺസർ ചെയ്യാം. 10,000 രൂപയിൽ കൂടുതൽ ചിട്ടിവിഹിതം അടയ്ക്കുന്ന പ്രവാസിചിട്ടിയിൽ ചേരുന്നവർക്കുള്ള പെൻഷൻ പ്രീമിയം കെഎസ്എഫ്ഇ അടയ്ക്കുമെന്ന ആനുകൂല്യവും പ്രവാസിലോകത്ത് പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ