വെള്ളിയാഴ്‌ച, സെപ്റ്റംബർ 27, 2019

ചെറുപുഴ: ചെറുപുഴയില്‍ കരാറുകാരന്റെ മരണത്തില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായ റോഷി ജോസിനെതിരെ ഒടുവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പഠിപ്പിക്കുന്ന സ്‌കൂളില്‍ നിന്നും റോഷി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് ഡിഇഒയുടെ ഉത്തരവ് പ്രകാരമാണ് സോഷ്യല്‍ സയന്‍സ് അധ്യാപകനായ റോഷി ജോസിനെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.
വഞ്ചനാകുറ്റം, ആത്മഹത്യ പ്രേരണ എന്നിവയ്ക്ക് പുറമെ നേരത്തെ പോക്‌സോ കേസിലും പ്രതിയായ റോഷി ജോസിനെ മാനേജുമെന്റ് നടപടി എടുക്കാതെ സംരക്ഷിക്കുന്നതായി പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
കെട്ടിടം കരാറുകാരനായ ജോയിയുടെ മരണത്തില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരുന്നത്. ചെറുപുഴ എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുഞ്ഞിക്കൃഷ്ണന്‍ നായര്‍, റോഷി ജോസ്, ടി വി അബ്ദുള്‍ സലീം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. മറ്റൊരു കോണ്‍ഗ്രസ് നേതാവായ കെ.കെ സുരേഷ്‌കുമാറിന്റെ അറസ്റ്റ് സംബന്ധിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
നേതാക്കള്‍ക്കെതിരെ നേരത്തെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു. കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയതിനാണ് ഇവരെ റിമാന്റ് ചെയ്തിരിക്കുന്നത്. ട്രസ്റ്റിന് ഇവരുള്‍പ്പടെ എട്ട് ഡയറക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഡയറക്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് അവരില്‍ രണ്ടുപേര്‍ ഈ നേതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയത്. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരായ തെളിവുകള്‍ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ