വെള്ളിയാഴ്‌ച, സെപ്റ്റംബർ 27, 2019


ന്യൂദല്‍ഹി : യുഎസ് കമ്പനിയായ ഫോര്‍ഡിനെ ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിയായ മഹേന്ദ്ര ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാഹ നിര്‍മാണ കമ്പനികളില്‍ ഒന്നാണ് മഹീന്ദ്ര. ഫോര്‍ഡിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തുകൊണ്ടാണ് മഹേന്ദ്ര പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ സാമ്പത്തിക വിപണി താഴേയ്ക്ക് പോവുകയാണെന്ന് പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴാണ് ഇത്രയും വലിയൊരു വിദേശ കമ്പനിയെ മഹേന്ദ്ര ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.

അതേസമയം ഏറ്റെടുക്കല്‍ പ്രാബല്യത്തില്‍ വന്നാലും കമ്പനി ഗ്രൂപ്പില്‍ ഫോര്‍ഡിന് മഹേന്ദ്രയോടൊപ്പം തുല്യ പങ്കാളിത്തം ലഭിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്ത ആഴ്ച്ച ഉണ്ടായേക്കുമെന്നാണ് സൂചന. കരാര്‍ നടപ്പിലാകുന്നതോടെ ഫോര്‍ഡും മഹീന്ദ്രയും ഇനിമുതല്‍ ഇന്ത്യയില്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുക. മഹീന്ദ്രയുമായി ചേര്‍ന്ന് രൂപീകരിക്കുന്ന പുതിയ കമ്പനിയില്‍ ഫോര്‍ഡിന് തുല്യ വോട്ടവകാശവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

നഗര പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് മഹീന്ദ്ര പ്രവര്‍ത്തനം. അതിനാല്‍ ഫോര്‍ഡുമായുള്ള ഒത്തുചേരല്‍ ഒരു പരിധിവരെ മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. അന്താരാഷ്ട്ര തലത്തിലെ വാഹന വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളപ്പോഴാണ് ഈ ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ പത്തു മാസമായി വാഹന വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വഹാന പ്രേമികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് ഇതിന്റെ കാരണം.

ഫോര്‍ഡ് മഹീന്ദ്ര സംയുക്ത സംരഭം ഫിഗോ ആസ്പയര്‍ കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ സഹകരണം വാഹനങ്ങളുടെ വൈദ്യുതീകരണത്തിനായി ഉപയോഗിക്കാന്‍ മഹീന്ദ്രക്കും സാധിക്കും. നാല് മീറ്ററില്‍ താഴെയുള്ള കോംപാക്റ്റ് എസ്യുവികള്‍ക്കും ഫോര്‍ഡ് ബാഡ്ജുകള്‍ ഉപയോഗിക്കുന്ന ഇടത്തരം എസ്യുവികള്‍ക്കും മഹീന്ദ്ര പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകും.

നിലവില്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലൂടെയാണ് ഫോര്‍ഡിന് സാന്നിധ്യമില്ലാത്ത നഗരങ്ങളില്‍ ഇക്കോസ്‌പോര്‍ട്ട് കോംപാക്റ്റ് എസ്യുവിയെ റീട്ടെയില്‍ ചെയ്യുന്നത്. നിലവില്‍ ഗുജറാത്തിലെ സനന്ദിലും ചെന്നൈയിലുമായി ഇന്ത്യയില്‍ രണ്ട് ഫാക്ടറികള്‍ ഫോര്‍ഡിന് ഉണ്ട്. എന്നാല്‍ കയറ്റുമതിക്കായുള്ള എഞ്ചിനുകള്‍ നിര്‍മ്മിക്കുന്ന സനന്ദ് ഫാക്ടറിയുടെ പ്രവര്‍ത്തനം ഫോര്‍ഡ് തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇനി മുതല്‍ ഇവ ഒഴികെയുള്ള എല്ലാ ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനങ്ങളും ഈ സംയുക്ത സംരംഭം കൈകാര്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1926ലാണ് യുഎസ് കമ്പനിയായ ഫോര്‍ഡ് ഇന്ത്യയില്‍ എത്തുന്നത്. അതിനുശേഷം 1950ല്‍ കമ്പനി പൂട്ടിപ്പോവുകയായിരുന്നു. അതിനു ശേഷം 1990ല്‍ ഫോര്‍ഡ് ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും എത്തുകയായിരുന്നു.

അതേസമയം പുതിയ കരാറോടെ ഫോര്‍ഡിന്റെ വാഹനങ്ങള്‍ മഹേന്ദ്രയും വിറ്റഴിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഇരു കമ്പനികളും കുടിച്ചേര്‍ന്ന് ഇടത്തരം വലിപ്പമുള്ള സ്‌പോര്‍ട് യുട്ടിലിറ്റി വാഹനങ്ങളും പുറത്തിറക്കാനും പദ്ധതിയുണ്ട്. 2020ഓടെ ദക്ഷിണേഷ്യന്‍ വാഹന വിപണി കൈയടക്കാനാണ് ഫോര്‍ഡ് ലക്ഷ്യം വെയ്ക്കുന്നത്. മഹീന്ദ്രയുടെ ഈ നീക്കം സാമ്പത്തിക മാന്ദ്യം ആരോപിച്ചവര്‍ക്കുള്ള തിരിച്ചടിയെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ