
തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ ഭരണഘടന അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറാകാത്തതാണ് പാർട്ടിയിലെ പ്രശ്നങ്ങൾ വഷളാക്കിയതെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ്. പാലായിൽ എന്തുകൊണ്ട് തോൽവി സംഭവിച്ചെന്ന് യു ഡി എഫ് നേതൃത്വം പഠിക്കുകയും ചിന്തിക്കുകയും ചെയ്യണമെന്നും തൊടുപുഴയിലെ വാർത്താസമ്മേളനത്തിൽ പി ജെ ജോസഫ് പറഞ്ഞു.
54 വർഷം കെ.എം മാണി പ്രതിനിധീകരിച്ച മണ്ഡലത്തിൽ വിജയം അനിവാര്യമാണെന്ന് കരുതിയിരുന്നു. എന്നാൽ, എന്തുകൊണ്ട് അത് സാധിച്ചില്ലെന്ന് പഠിക്കുകയും ചിന്തിക്കുകയും ചെയ്യണം. കേരള കോൺഗ്രസ് പാർട്ടിയിൽ മാണി സാറിന്‍റെ മരണത്തെ തുടർന്നുള്ള ചർച്ചകൾ വിജയിക്കാതെ വന്നപ്പോൾ പല മധ്യസ്ഥൻമാരും ഇടപെട്ടു. കേരള കോൺഗ്രസ് ഭരണഘടനയിൽ ഉള്ള ചില കാര്യങ്ങൾ പ്രധാനമായും ചെയർമാനും വർക്കിങ് ചെയർമാനും എന്നുള്ള പാരഗ്രാഫ് അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറാകാത്തതാണ് പ്രശ്നങ്ങൾ വഷളാക്കിയത്.
ചെയർമാന്‍റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനിലാണ് അധികാരങ്ങൾ നിക്ഷിപ്തം. അത് അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറാകാത്തതാണ് അടിസ്ഥാനപ്രശ്നം. കെ എം മാണി സ്വീകരിച്ച കീഴ്‌വഴക്കങ്ങൾ ജോസ് കെ മാണി ലംഘിച്ചെന്നും പി ജെ ജോസഫ് പറഞ്ഞു.
ചെറിയ കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട കാര്യത്തിനായി സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ജോസ് കെ മാണി വാശി പിടിച്ചു. മധ്യസ്ഥ ചർച്ചകൾക്കിടെ സംസ്ഥാന കമ്മിറ്റിയെന്ന പേരിൽ ആൾകൂട്ടത്തെ വിളിച്ചു കൂട്ടി. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ജയസാധ്യതയും സ്വീകര്യതയും മാത്രമാണ് താൻ മുന്നോട്ടുവെച്ച നിബന്ധന. വിവാദങ്ങളിൽ ഏർപ്പെട്ടയാളായിരുന്നു സ്ഥാനാർത്ഥി. കെ.എം.മാണിയുടെ തീരുമാനങ്ങളേപ്പോലും മാണി ജീവിച്ചിരുന്നപ്പോൾ ജോസ് ടോം ചോദ്യം ചെയ്തിട്ടുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു.
തനിക്ക് വലിയ ബന്ധുബലമുള സ്ഥലമാണ്. ആളില്ലെന്ന് ഇപ്പോഴും അക്ഷേപിക്കുന്നു. പ്രശ്നമുണ്ടാക്കിയത് ആരാണെന്ന് യു.ഡി.എഫ് കണ്ടെത്തണം. ചിഹ്നം നൽകണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. താൽക്കാലിക ചെയർമാനെന്ന് അംഗീകരിച്ചിരുന്നെങ്കിൽ കത്തു നൽകിയേനെയെന്നും പി ജെ ജോസഫ് പറഞ്ഞു. തന്നെ കൂകി വിളിച്ചതിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറായില്ല.
സ്ഥാനാർത്ഥി തോറ്റതിൽ ദു:ഖമുണ്ടെന്നും എന്നാൽ പരാജയം സ്വയം ഏറ്റുവാങ്ങിയതാണെന്നും ജോസഫ് കുറ്റപ്പെടുത്തി. നിഷ്പക്ഷമായി വിലയിരുത്തി തെറ്റുകൾ തിരുത്തണം. ചർച്ചയായത് കേരള രാഷ്ട്രീയമല്ലെന്നും കേരള കോൺഗ്രസിലെ പ്രശ്നമാണെന്നും ജോസഫ് പറഞ്ഞു. 600 പേരുടെ യോഗം താൻ നടത്തിയിട്ടുള്ള സ്ഥലമാണ് രാമപുരത്ത്. എലിക്കുളം തന്റെയാൾ ഭരിച്ചിട്ടുണ്ട്. ജോസ് കെ.മാണിയുടെ പക്വതയില്ലായ്മ വിനയായെന്നും ജോസഫ് പറഞ്ഞു. ശരിയായ നിലപാട് സ്വീകരിച്ച് നിർഭയമായി മുന്നോട്ടു പോവും. രാഷ്ടീയത്തിൽ ഒന്നിനോടും നോ പറയാനാവില്ലെന്നും ജോസഫ് വ്യക്തമാക്കി.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ