ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ കവര്‍ച്ച: വിരലടയാളം കിട്ടി

ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ കവര്‍ച്ച: വിരലടയാളം കിട്ടി



നീലേശ്വരം: ദേശീയപാതയോരത്ത് കരുവാച്ചേരി വളവില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഇരുനില വീട്ടില്‍ നടന്ന മോഷണത്തില്‍ വിരലടയാളം കിട്ടി.
കുടുംബസമേതം വിദേശത്തു താമസിക്കുന്ന അബ്ദുല്‍ റസാഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകള്‍ കാഞ്ഞങ്ങാട് ചിത്താരിയിലെ സുമൈലയുടെ പരാതിയില്‍ ഇന്നലെ നീലേശ്വരം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. അകത്തെ അലമാരയില്‍ വലിച്ചു വാരിയിട്ട സാധനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഫയലിലാണ് വിരലടയാളം പതിഞ്ഞിട്ടുള്ളത്. ഇതാരുടെതെന്നു തിരിച്ചറിയാന്‍ ശ്രമം തുടങ്ങിയതായി നീലേശ്വരം എസ്‌ഐ, രഞ്ജിത് രവീന്ദ്രന്‍ പറഞ്ഞു.
സമീപത്തു താമസിക്കുന്ന ബന്ധു വീടിന്റെ ഗ്രില്‍സും അടുക്കള വാതിലും തുറന്നു കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. തുടര്‍ന്നു റസാഖിന്റെ മകള്‍ കാഞ്ഞങ്ങാട് ചിത്താരിയിലെ സുമൈലയെ വിവരം അറിയിച്ചു.
പന്ത്രണ്ടായിരം രൂപയും അര പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. അടുക്കള ഭാഗത്തെ ഗ്രില്‍സും വാതിലും തകര്‍ക്കാണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനകത്തെ മുറികളിലെ അലമാരയും സാധനങ്ങളുമെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.

Post a Comment

0 Comments