
കാസര്‍കോട് : യുവതിയെ കൊലപ്പെടുത്തിയ ശേഷം കല്ലുകെട്ടി താഴ്ത്തിയെന്ന സംശയത്തെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍. വിദ്യാനഗറിലെ പന്നിപ്പാറയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയായിരുന്ന കൊല്ലം സ്വദേശിനിയായ പ്രമീളയെ(30) കൊലപ്പെടുത്തിയെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. കാസര്‍കോട് സപ്ലൈ ഓഫീസില്‍ ക്ലീനിങ്ങ് ജോലിക്കാരിയായിരുന്ന പ്രമീള ഭര്‍ത്താവും ഓട്ടോഡ്രൈവറുമായ സെല്‍ജോക്കൊപ്പമായിരുന്നു താമസം. പ്രമീളയെ കാണാനില്ലെന്ന സെല്‍ജോയുടെ പരാതിയില്‍ ഇരുപത് ദിവസം മുമ്പ് പോലീസ് കേസെടുത്തിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ സെല്‍ജോയുടെ മൊഴിയിലുണ്ടായ വൈരുദ്ധ്യം പോലീസില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ പ്രമീളയെ കൊന്ന് ചന്ദ്രഗിരി പുഴയില്‍ കല്ലുകെട്ടി താഴ്ത്തിയെന്ന് സെല്‍ജോ മൊഴി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് മൃതദേഹത്തിനായി പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. വിദ്യാനഗര്‍ സിഐ മനോജ്, കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, വിദ്യാനഗര്‍ എസ്‌ഐ സന്തോഷ് കുമാര്‍, ഫയര്‍ ഫോഴ്‌സ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്.
0 Comments