സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: യുവതിയെ അറസ്റ്റ് ചെയ്തു

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: യുവതിയെ അറസ്റ്റ് ചെയ്തു




കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ കണ്ണൂര്‍ സ്വദേശിനി ആര്യാ ബാലനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഒക്ടോബര്‍ 1 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കുവിനെയാണ് ആര്യ മര്‍ദ്ദിച്ചത്.

സെക്ഷന്‍ 323, 294 ബി, 506(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുസാറ്റിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലിലെ മേട്രനായ ആര്യ ബാലനെതിരേ വകുപ്പുതല നടപടി വരും. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് കുസാറ്റ് രജിസ്ട്രാര്‍ക്ക് കൈമാറുമെന്നു ചീഫ് വാര്‍ഡന്‍ പറഞ്ഞു.

ആലുവയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് റിങ്കു. ആശുപത്രിയുടെ മുന്‍ വശത്ത് പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനം മാറ്റി വച്ചതാണ് മര്‍ദ്ദനത്തിന് കാരണം. ആശുപത്രിയില്‍ എത്തിയ യുവതി കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് ഇരു ചക്രവാഹനം പാര്‍ക്ക് ചെയ്യുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട റിങ്കു വാഹനം മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ യുവതി ആശുപത്രിയ്ക്ക് അകത്തേക്ക് പോയി. തുടര്‍ന്ന് റിങ്കു വാഹനം മാറ്റി വെച്ചു. എന്നാല്‍ തിരിച്ചെത്തിയ യുവതി വാഹനം മാറ്റിവെച്ചത് അറിഞ്ഞ് റിങ്കുവിനെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയുമായിരുന്നു.

സംഭവം പരാതിയായി പൊലീസില്‍ എത്തിയതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അഭിഭാഷകനുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെ വച്ചും റിങ്കുവിനോട് തട്ടിക്കയറിയതോടെ കേസുമായി മുന്നോട്ട് പോകാന്‍ റിങ്കുവിന്റെ സെക്യൂരിറ്റി ഏജന്‍സി തീരുമാനിക്കുകയായിരുന്നു. വണ്ടിയെടുത്ത് തന്ന റിങ്കു തന്നെ തുറിച്ചു നോക്കിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പൊലീസിനോട് യുവതി പറഞ്ഞത്.

Post a Comment

0 Comments