ശനിയാഴ്‌ച, ഒക്‌ടോബർ 12, 2019

കാസര്‍കോട്: യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ കേസില്‍  അറസ്റ്റിലായ ഭര്‍ത്താവിനെ  ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. തളിപ്പറമ്പ് ആലക്കോട് നെടുപ്പത്തേല്‍ വീട്ടില്‍ സെല്‍ജോ (43)യെയാണ്  കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കോടതി  രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാസര്‍കോട്  ഡി വൈ എസ് പി, പി പി  സദാനന്ദന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘമാണ് സെല്‍ജോയെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍  കേസിലെ സുപ്രധാന തെളിവായ മൃതദേഹം കണ്ടെത്താനാകാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. മൃതദേഹം കണ്ടെത്താന്‍  ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം കല്ലുകെട്ടി തെക്കില്‍ പുഴയില്‍ താഴ്ത്തിയെന്ന ഭര്‍ത്താവ് സെല്‍ജോയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതലാണ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിലാരംഭിച്ചത്. സെല്‍ജോയും പ്രമീളയും വിദ്യാനഗര്‍ പന്നിപ്പാറയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ മാസം 20നാണ് പ്രമീളയെ കാണാനില്ലെന്ന് കാണിച്ച് സെല്‍ജോ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ സെല്‍ജോയുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി മനസിലാക്കുകയും വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയുമായിരുന്നു.പ്രമീളയുടെ മൃതദേഹം ചട്ടഞ്ചാല്‍ തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയിലേക്ക് തള്ളിയെന്നാണ് സെല്‍ജോ മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്തുമാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയുമായി സെല്‍ജോക്കുള്ള വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത വിരോധമാണ് പ്രമീളയെ കൊലപ്പെടുത്താന്‍ കാരണമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.ഈ യുവതി കൊലപാതകത്തിന് ഒത്താശ നല്‍കുകയും കൊല സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെക്കുകയും ചെയ്തതായി വ്യക്തമായിട്ടുണ്ട്. സെല്‍ജോയുടെ  പെണ്‍സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.കൊലപാതകത്തിന് കൂട്ടുനിന്നതായി തെളിഞ്ഞാല്‍ ഇടുക്കിയിലെ യുവതിയും കേസില്‍ പ്രതിയാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ