ശനിയാഴ്‌ച, ഒക്‌ടോബർ 12, 2019



മഞ്ചേശ്വരം:മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രചാരണം നടത്തി യു ഡി എഫും ബി ജെ പിയും  മുതലെടുപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി  ശങ്കര്‍റൈയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ശനിയാഴ്ച രാവിലെ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. ശങ്കര്‍റൈ വിശ്വാസിയായതുകൊണ്ട് അദ്ദേഹത്തെ സമൂഹമധ്യത്തില്‍ അപമാനിക്കുന്ന പ്രചാരണമാണ് ഇരുകൂട്ടരും കൊടുത്തത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയ്ക്ക്  ആരും നല്‍കിയിട്ടില്ല. സ്ഥാനാര്‍ഥിയെ വ്യക്തിപരമായി ആക്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. വിശ്വാസമാണ് അവരുടെ പ്രശ്‌നം. ശങ്കര്‍ റൈ വിശ്വാസിയായതില്‍ എന്താണ് കുഴപ്പമെന്ന് അറിയില്ല. പ്രതിപക്ഷനേതാക്കള്‍ക്ക് ഇക്കാര്യത്തില്‍  വലിയ വേവലാതിയാണുള്ളത്. ശങ്കര്‍റൈ  കപട ഹിന്ദുവെന്ന ആക്ഷേപം അല്‍പത്തമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മഞ്ചേശ്വരത്ത് തോല്‍വി മണക്കുന്നത് കൊണ്ടാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ചൊരിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാരായ ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, പി കരുണാകരന്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ