ചൊവ്വാഴ്ച, ഒക്‌ടോബർ 15, 2019

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പോളിങ്് ബൂത്തിലും  ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കി.   ബൂത്തില്‍ കൊണ്ടുവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു.ബൂത്തികത്ത് പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ 20 ബൂത്തുകളില്‍  തത്സമയം വെബ് കാസ്റ്റിങ് നടത്തും. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
മണ്ഡലത്തിലെ അതിര്‍ത്തിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള ബൂത്തുകളിലാണ് ലൈവ് വെബ്കാസ്റ്റിംഗ്. 11 ബൂത്തുകളില്‍  വോട്ടെടുപ്പ് വീഡിയോ ഗ്രാഫര്‍മാര്‍ നേരിട്ട് ചിത്രീകരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെ ചിത്രീകരണം നടക്കും. കള്ളവോട്ട് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും കളക്ടര്‍ പറഞ്ഞു .
ഒക്‌ടോബര്‍ 15 മുതല്‍  കര്‍ണാടകത്തില്‍ നിന്നും  സംസ്ഥാനത്തെ മറ്റു നിയോജക മണ്ഡലങ്ങളില്‍ നിന്നും ദുരുദ്ദേശപരമായി ഏഴില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് വാഹനത്തിലെത്തുണ്ടെങ്കില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള ഏതു ശ്രമത്തെയും ശക്തമായി നേരിടുമെന്ന് കളക്ടര്‍ പറഞ്ഞു   .പോലീസിനെ വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . കേന്ദ്രസേനയുടെ സുരക്ഷയും മഞ്ചേശ്വരം മണ്ഡലത്തില്‍ ലഭിക്കും.49 ബൂത്തുകളില്‍ തോക്കുധാരികളായ സായുധ സേനയെ വിന്യസിക്കും.
53 ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരുണ്ടാകും മുഴുവന്‍ ബൂത്തുകളിലും (198ബൂത്ത് ) മുഖാവരണം ധരിച്ച വനിതകളെ തിരിച്ചറിയാന്‍ വനിതാ ജീവനക്കാരെ നിയമിക്കും.പോളിങ് ബൂത്തിനകത്ത് പ്രവേശിക്കുമ്പോള്‍ വോട്ടറെ തിരിച്ചറിയുന്നതിനു സ്വമേധയാ മുഖാവരണം നീക്കാന്‍ തയ്യാറാകാത്തവരെയാണ് വനിതാ ജീവനക്കാര്‍ പരിശോധിക്കുക.
മഞ്ചേശ്വരം മണ്ഡലത്തില്‍ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കും.  മുന്നണികളും രാഷ്ട്രീയപ്പാര്‍ട്ടികളും  കലാശക്കൊട്ട് നടത്തുന്ന  കേന്ദ്രങ്ങള്‍  മുന്‍കൂട്ടി പോലീസിനെ അറിയിക്കണമെന്നും യോഗം തീരുമാനിച്ചു. സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് സഹകരിക്കുമെന്ന് എല്ലാ രാഷ്ട്രീയകക്ഷികളും യോഗത്തില്‍  ഉറപ്പുനല്‍കി. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ,മണ്ഡലം പൊതുതെരഞ്ഞെടുപ്പ് നിരീക്ഷക  സുഷമ ഗോഡ്‌ബൊലെ,  തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ കമല്‍ജിത്ത് കെ കമല്‍, മഞ്ചേശ്വരം മണ്ഡലം വരണാധികാരി  എന്‍ പ്രേമചന്ദ്രന്‍ ,  ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍  പി ആര്‍ രാധിക, എഡിഎം കെ അജീഷ്, ഡിവൈഎസ്പി കെ സുനില്‍കുമാര്‍, ആര്‍ഡിഒ കെ.രവികുമാര്‍,  ഹുസൂര്‍ ശിരസ്തദാര്‍ കെ.നാരായണന്‍, വി കെ രവി തുടങ്ങിയവരും വിവിധ  രാഷ്ടീയകക്ഷി പ്രതിനിധികളായ  ഡോ.വി പി പി മുസ്തഫ, ബാലകൃഷ്ണ ഷെട്ടി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, എം. അനന്തന്‍ നമ്പ്യാര്‍,  നാഷണല്‍ അബ്ദുള്ള, ജോസഫ് വടകര, എ കെ ആരിഫ്, എം.എച്ച് ജനാര്‍ദ്ദനന്‍, അഷറഫ് കര്‍ള എന്നിവരും പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ