ബുധനാഴ്‌ച, ഒക്‌ടോബർ 16, 2019


തൃശൂര്‍: ഒക്കലിലുള്ള പ്രമുഖ അരി വ്യാപാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതിയെയും കാമുകനെയും പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശിനി സീമ (32), കാമുകനായ ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹല്‍ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്കല്‍ സ്വദേശി ബിജുവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികള്‍ ആദ്യം പരിചയപ്പെട്ടു. പിന്നീട് ഒത്തുകൂടുകയും ഇത് ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 50 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. സീമയുടെ കൂട്ടു പ്രതിയായ പാലക്കാട് സ്വദേശിനിയെയും പൊലീസ് തിരയുന്നുണ്ട്. ഈ യുവതി എറണാകുളത്താണ് താമസിക്കുന്നത്. കേസിന്റെ മുഖ്യ ആസൂത്രക പാലക്കാട് സ്വദേശിനി ആണെന്നാണ് സീമ മൊഴി നല്‍കിയിരിക്കുന്നത്.

കൊച്ചി കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഇത്തരം ബ്ലാക്ക്മെയില്‍ സംഘങ്ങള്‍ പെരുകുന്നതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇത് ക്യാമറയില്‍ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തുന്നതുമാണ് ഇവരുടെ രീതി.

പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇത്തരത്തില്‍ കുടുങ്ങിയിട്ടുളളതായും സൂചനയുണ്ട്. പെരുമ്പാവൂര്‍ സ്വദേശികളായ ചിലരും ഇതില്‍പ്പെട്ടിട്ടുണ്ടെന്നും ചില സിനിമാനടിമാരെയും ഇതിനായി ഉപയോഗിച്ച് വരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെരുമ്പാവൂരില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി മറ്റു ബ്ലാക്ക് മെയില്‍ സംഘങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം.

ഇതിനിടെ ചില യുവനേതാക്കളുടെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ നീക്കം നടക്കുന്നുണ്ട്. പ്രതികളും കൂട്ടരും ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച വിശദമായ അന്വേഷണം നടക്കും. യുവതിയേയും കാമുകനേയും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ ചെക്കപ്പ് നടത്തി. പാലക്കാട് സ്വദേശിനിയും ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ചെന്നാണ് റിപ്പോര്‍ട്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ