മേലാങ്കോട്ടെ കുട്ടികൾ വെള്ളത്തിനു മുകളിലും കിടക്കും; ശാസ്ത്രീയ നീന്തൽ പരിശീലനം വൻ വിജയമായി

മേലാങ്കോട്ടെ കുട്ടികൾ വെള്ളത്തിനു മുകളിലും കിടക്കും; ശാസ്ത്രീയ നീന്തൽ പരിശീലനം വൻ വിജയമായി



കാഞ്ഞങ്ങാട്:   കാറ്റ്‌ നിറച്ച ബലൂണും ട്യൂബും പോലെ വെള്ളത്തിനു മുകളില്‍ എത്രനേരം വേണമെങ്കിലും പൊന്തിക്കിടക്കും ഈ കുട്ടി കൾ. മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ ഇരുപത് കുട്ടികൾ   നാട്ടുകാര്‍ക്കാകെ അദ്ഭുതമാവുകയാണ്. ഒരു മാസമായി അതിയാമ്പൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന സാജന്യ ശാസ്ത്രീയ നീന്തൽ പരിശീലനത്തിന്റെ സമാപനത്തിന്റെ ഭാഗമായാണ് കുട്ടികൾ അതിയാമ്പൂരിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കുളത്തിൽ ജലശയനം നടത്തിയത്.

കാഞ്ഞങ്ങാട് അഗ്നിശമന സേനാവിഭാഗത്തിന്റെയും കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിന്ന ശാസ്ത്രീയ നീന്തൽ പരിശീലനത്തിൽ പങ്കെടുത്ത 76 പേരിലെ ആൺകുട്ടികളും പെൺകുട്ടികളുമടക്കം ഇരുപത്  പേരാണ്  മണിക്കൂറുകളോളം ശയനം നടത്തിയത്. യോഗ അഭ്യസിച്ചവരില്‍ ചിലര്‍ ജലശയനസിദ്ധി നേടുന്നതായി കേട്ടിട്ടുണ്ടെങ്കിലും എൽ.പി,യു.പി.ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ജലശയനം നടത്തുന്നത്  വ നവ്യാനുഭവമായി.

യോഗാഭ്യാസികള്‍ ജലശയനം നടത്തുന്നതു മിനിറ്റുകള്‍ മാത്രമാണെങ്കില്‍ ഇവർ മണിക്കൂറുകളോളം  വെള്ളത്തിനു മീതെ കിടക്കും. യോഗാഭ്യാസികള്‍ ശ്വാസം പിടിച്ചുനിര്‍ത്തിയാണ് വെള്ളത്തില്‍ പൊന്തിക്കിടക്കുന്നത്.ഈ ക്രിയ മിനിറ്റുകള്‍ മാത്രമാകും നീളുന്നത്. എന്നാല്‍ മേലാങ്കോട്ടെ നീന്തൽ താരങ്ങൾ വെള്ളത്തിൽ  പൊന്തിക്കിടക്കുമ്പോള്‍ ശ്വാസോച്ഛ്വാസം സാധാരണ നിലയില്‍ത്തന്നെയാണ്. കൈയും കാലും ചലിപ്പിക്കാതെ തല പരമാവധി പിന്നോട്ട് ചരിച്ച് ശരീരം പൂര്‍ണ നിശ്ചലമാക്കിയാണ് കിടപ്പ്. ജലശയനത്തിന്റെ സുഖത്തില്‍ ഉറക്കം വന്നാലോ കൂടെയുള്ളവർ ജലത്തിൽ ഓളം തീർക്കുമ്പോഴോ  മാത്രമാണ് പിന്മാറ്റം. വെളളക്കെട്ടിലും ഒഴുക്കിലും പെട്ട് അപകട മരണങ്ങൾ പതിവാകുന്ന കാലത്ത് കുട്ടികൾക്ക് നൽകിയ പരിശീലനം സ്വയം രക്ഷയ്ക്കും അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്താനും സഹായകമായി.

 അഡ്വഞ്ചർ സ്പോർട്സ് പ്രമോട്ടിംഗ് അക്കാദമി  സംസ്ഥാന സെക്രട്ടരി കൂടിയായ സ്റ്റേഷൻ ഓഫീസർ  കെ. വി.പ്രഭാകരന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവില, കെ.പി.ചന്ദ്രൻ, പി.ബാലകൃഷ്ണൻ,  രമേശൻ മുഴക്കോം, നാരായണൻ നിടുമ്പ, മോഹനൻ കൊടക്കാട്, റോയ്, ദിനയേൽ, ശ്രീസൂര്യ, ലതീഷ് എന്നിവരുടെ നേതൃത്വത്തിൽ ദിവസവും വൈകുന്നേരം  സ്കൂൾ സമയത്തിനു ശേഷമാണ്  പരിശീലനം സംഘടിപ്പിച്ചത്.

സമാപന ചടങ്ങ് സ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ഡോ.കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു. പി. കുഞ്ഞികണ്ണൻ, സണ്ണി.കെ.മാടായി പ്രസംഗിച്ചു.

Post a Comment

0 Comments