തിരുവനന്തപുരം∙ സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ഗവേഷണരംഗത്തു നിക്ഷേപം നടത്താൻ ടൊയോട്ട, തോഷിബ എന്നീ കമ്പനികളെ ക്ഷണിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ അവസാന വാരം ജപ്പാനിലേക്ക്. തിരുവനന്തപുരത്ത് ആദ്യ രാജ്യാന്തര ഡിജിറ്റൽ ഹബ് തുടങ്ങിയതിനു നന്ദിസൂചകമായി നിസാൻ മോട്ടർ കോർപറേഷന്റെ ആസ്ഥാനവും സന്ദർശിക്കും. ജപ്പാനു പുറമേ ദക്ഷിണ കൊറിയയിൽ ഹ്യുണ്ടായ് കമ്പനിയുമായി ചർച്ചയും പരിഗണനയിലാണ്.
ടൊയോട്ടയുമായുള്ള സഹകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സന്ദർശനത്തിന്റെ ഒടുവിലുണ്ടാകുമെന്നാണു സൂചന. ചെന്നൈ നഗരം ഓട്ടമൊബീൽ ഹബ് ആയി മാറിയതു പോലെ കേരളത്തെ ഇലക്ട്രിക് വാഹനരംഗത്തെ ഹബ് ആക്കി മാറ്റുകയാണു സർക്കാരിന്റെ ലക്ഷ്യം. നിയമസഭാ സമ്മേളനത്തിനു തൊട്ടുപിന്നാലെ നവംബർ 23 നാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.
ലക്ഷ്യം ബാറ്ററി ഉൽപാദന-ഗവേഷണകേന്ദ്രം
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഉൽപാദനം, അതുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവ കേരളത്തിലേക്കു കൊണ്ടുവരികയാണു സന്ദർശന ലക്ഷ്യം. തോഷിബയുടെ ലിഥിയം അയോൺ ബാറ്ററികളുടെ ഉൽപാദനവുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഓട്ടമൊബീൽ ലിമിറ്റഡ് (കെഎഎൽ), കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് (കെൽ) എന്നിവയുടെ പ്ലാന്റുകൾ തോഷിബയുടെ ഉന്നതതല സംഘം ഓഗസ്റ്റിൽ സന്ദർശിച്ചിരുന്നു.
ഇലക്ട്രിക് ബസുകൾക്ക് ഉൾപ്പെടെ ബാറ്ററി ഉൽപാദിപ്പിക്കാൻ സംയുക്ത സംരംഭമായി കമ്പനി ആരംഭിക്കുന്നതിന്റെ സാധ്യതയും ആരാഞ്ഞിരുന്നു. വെറും 10 മിനിറ്റ് കൊണ്ട് 90% ചാർജാകുന്ന ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയാണു തോഷിബയുടേത്. സാധാരണ ലിഥിയം അയോൺ ബാറ്ററികളെക്കാൾ പലമടങ്ങ് കാര്യക്ഷമമാണ്. സൂപ്പർ ചാർജ് അയോൺ ബാറ്ററി (SCiB) എന്ന പേരോടെ ഹോണ്ട ഉൾപ്പെടെ പല കമ്പനികളും അവരുടെ ഇലക്ട്രിക് വാഹനങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്.
0 Comments