
കാഞ്ഞങ്ങാട്; പെരിയ ഇരട്ടക്കൊലക്കേസിലെ പത്തുപ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്‍, സജിസി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, എ മുരളി, ടി രഞ്ജിത്, പ്രദീപ് എന്നിവരാണ് ജാമ്യഹരജി നല്‍കിയത്. നേരത്തെ പ്രതികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം നല്‍കിയ ഹരജിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കുകയും സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയില്‍ പറയുന്നത്.ജാമ്യാപേക്ഷ നവംബര്‍ 18ന് പരിഗണിക്കും. ഇരട്ടക്കൊലക്കേസ് അന്വേഷണം സി ബി ഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി നവംബര്‍ 16ന് പരിഗണിക്കും.
0 Comments