കാഞ്ഞങ്ങാട്: യു ഡി എഫ് അനുകൂലികളായ പോലീസുദ്യോഗസ്ഥരെ കൂട്ടത്തോടെ ശബരിമല ഡ്യൂട്ടിക്കയച്ചത് വിവാദമാകുന്നു. ഈമാസം 22ന് ജില്ലാ പോലീസ് സഹകരണസംഘം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സ്ഥലംമാറ്റം ആസൂത്രിതമാണെന്നാണ് യു ഡി എഫ് ആരോപിക്കുന്നു. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ പോലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചത്. താല്‍പര്യമുണ്ടെന്ന് എഴുതി നല്‍കാത്തവരെയാണ് രാഷ്ട്രീയം നോക്കി ഡ്യൂട്ടിക്കയച്ചതെന്നാണ് ആരോപണം. വോട്ടെടുപ്പില്‍ ഭരണാനുകൂലികള്‍ തന്നെ മറിച്ചുവോട്ട് ചെയ്യുമോയെന്ന ആശങ്ക നിലനില്‍ക്കെയാണ് എതിര്‍പാളയത്തില്‍ വോട്ട് കുറക്കാന്‍ ഭരണകക്ഷി അനുകൂലികള്‍ തന്ത്രം പയറ്റുന്നതെന്നാണ് പ്രതിപക്ഷ അനുകൂലികള്‍ പറയുന്നത്. 11 അംഗ ഭരണസമിതിയിലേക്ക് 18 പേരാണ് മത്സരിക്കുന്നത്. രണ്ട് ശക്തമായ പാനലുകളാണുള്ളത്. ഔദ്യോഗിക പാനലില്‍ നിക്ഷേപക വിഭാഗത്തില്‍ നിന്നും സി ടി സുഭാഷ് ചന്ദ്രന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഗിരീഷ് ബാബു, പി പി മഹേഷ്, പി രവീന്ദ്രന്‍,എ പി സുരേഷ് കുമാര്‍, സുരേഷ് മൂരിക്കോളി, രാജ്കുമാര്‍ ബാവിക്കര, കെ ലീല, പി ജെ സക്കീനത്തവി, യു കെ സരള എന്നിവരാണ് ഭരണ കക്ഷിയനുകൂല പാനലില്‍ മത്സരിക്കുന്നത്. ഇവരില്‍ രവീന്ദ്രനും ഗിരീഷ് ബാബുവും പോലീസ് അസോസിയേഷന്‍ ഭാരവാഹികളാണ്.
കെ വി രാജീവന്‍, പി ആര്‍ ശ്രീനാഥ്, ടി വി ബാബു, ഹരീഷ്‌കുമാര്‍ കടവത്ത്, എം ടി പി ഹൈദരലി, എ വി ഷിനു, പി സുഭാഷ്, പി എ കൊച്ചുറാണി എന്നിവര്‍ ഉള്‍പ്പെട്ടതാണ് മറ്റൊരു പാനല്‍. ഇവരില്‍ രാജീവനും ശ്രീനാഥും പോലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളാണ്.
0 Comments