വീട് കൈയടക്കി പാമ്പുകൾ; ഒടുവിൽ വീടുപേക്ഷിച്ച് ഒരു കുടുംബം

LATEST UPDATES

6/recent/ticker-posts

വീട് കൈയടക്കി പാമ്പുകൾ; ഒടുവിൽ വീടുപേക്ഷിച്ച് ഒരു കുടുംബംസുൽത്താൻ ബത്തേരി: സ്ഥിരമായി പാമ്പുകൾ വീട്ടിലെത്തുന്നതിനെ തുടർന്ന് വീട് ഉപേക്ഷിച്ച് ഒരു കുടുംബം. ബത്തേരി സർക്കാർ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയർലാൻഡിലെ സുനിതയും വീട്ടുകാരുമാണ് പാമ്പിനെ പേടിച്ച് താമസം മാറ്റിയത്. വീടിനുള്ളിലും മുകളിലും പരിസരപ്രദേശങ്ങളിലും പാമ്പുകളാണ്. വല്ല ചേര പാമ്പിനെ ആയിരിക്കും സ്ഥിരമായി കാണുന്നതെന്ന് വിചാരിക്കേണ്ട. മൂർഖനും വെള്ളിക്കെട്ടനും ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളാണ് ഇവരുടെ വീട്ടിൽ സ്ഥിരമായി എത്തുന്നവർ.

പാമ്പ് ശല്യം കൂടിയതോടെ വീടിന്‍റെ അടുക്കളഭാഗവും കുളിമുറിയും പൊളിച്ചു കളഞ്ഞു. പക്ഷേ, പാമ്പുകളുടെ വരവ് കൂടിയതല്ലാതെ കുറവുണ്ടായില്ല. ഇത്രയധികം പാമ്പ് ശല്യമുണ്ടായിട്ടും ഒന്നിനെ പോലും ഇതുവരെ കൊന്നിട്ടില്ലെന്നതാണ് സുനിതയെയും വീട്ടുകാരെയും വ്യത്യസ്തരാക്കുന്നത്.

പാമ്പുകളെ ഭയന്ന് ഉറക്കമില്ലാത്ത രാത്രികളാണ് ഇവരുടേത്. സുനിതയ്ക്കൊപ്പം മക്കളായ പവനും നന്ദനയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. എട്ടു മാസം മുമ്പ് ഭർത്താവ് സതീഷ് അപകടത്തിൽ മരിച്ചതോടെ മക്കളുമായി ഈ വീട്ടിൽ താമസിക്കാൻ ഭയമായി തുടങ്ങിയെന്ന് സുനിത വ്യക്തമാക്കുന്നു. ഭർത്താവ് ഉണ്ടായിരുന്ന സമയത്ത് പാമ്പുകൾ എത്തിയാലും പേടിയില്ലായിരുന്നു, കാരണം അദ്ദേഹം തന്നെ പാമ്പുകളെ പിടിച്ച് പുറത്തു കൊണ്ടു പോയി കളയുമായിരുന്നു.

17 വർഷം മുമ്പാണ് ഫെയർലാൻഡിലെ വീടും സ്ഥലവും വാങ്ങിയത്. എട്ടുവർഷം മുമ്പ് നിലവിലുണ്ടായിരുന്ന വീടിനോട് ചേർന്ന് കുറച്ചു ഭാഗം കൂടി ചേർത്തെടുത്തു. ഇത് കഴിഞ്ഞതോടെയാണ് വീട്ടിൽ സ്ഥിരമായി പാമ്പുകളെ കാണാൻ തുടങ്ങിയത്. എന്നാൽ, ഈ വീടിനോട് ചേർന്നുള്ള മ്റ്റ് വീടുകളിലൊന്നും പാമ്പിന്‍റെ ശല്യമില്ല. പാമ്പ് ശല്യം കുറയ്ക്കാൻ വഴിപാടുകളും ചില പൊടിക്കൈകളും പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. മൂന്നുമാസം മുമ്പ് വീടുപേക്ഷിച്ച ഇവർ സഹോദരങ്ങളുടെ വീട്ടിൽ മാറി മാറി താമസിച്ചു വരികയാണ് ഇപ്പോൾ. നിലവിലുള്ള വീട് പൊളിച്ചു മാറ്റി അവിടെ പുതിയ വീട് പണിത് അവിടെ തന്നെ താമസിക്കണമെന്നാണ് സുനിതയുടെ ആഗ്രഹം.

Post a Comment

0 Comments