റോഡ് ചെളിക്കുളമായി; ചെര്‍ക്കള- കല്ലടുക്ക അന്തര്‍ സംസ്ഥാനപാതയില്‍ വീണ്ടും ഗതാഗതം മുടങ്ങി

റോഡ് ചെളിക്കുളമായി; ചെര്‍ക്കള- കല്ലടുക്ക അന്തര്‍ സംസ്ഥാനപാതയില്‍ വീണ്ടും ഗതാഗതം മുടങ്ങി


ബദിയടുക്ക: ഞായറാഴ്ച വൈകിട്ട്  പെയ്ത കനത്ത മഴയെ തുടര്‍ന്ന് ചെര്‍ക്കള- കല്ലടുക്ക അന്തര്‍ സംസ്ഥാന പാത ചെളിക്കുളമായി. ഇതോടെ ഈ റൂട്ടില്‍ വീണ്ടും ഗതാഗതം മുടങ്ങി. വാഹനങ്ങളുടെ ചക്രങ്ങള്‍  ചെളിയില്‍ താഴ്ന്നതോടെയാണ് ഈ റോഡിലൂടെയുള്ള ഗതാഗതം ദുസഹമായത്.  ചെര്‍ക്കള -കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ ഗോളിത്തടുക്കയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് അറ്റകുറ്റ പണിനടത്താനായി ടാര്‍ അടര്‍ത്തി മാറ്റി മണ്ണിട്ടിരുന്നു.  മഴ വന്നതോടെ റോഡില്‍ മണ്ണൊലിച്ച് ചെളി നിറയുകയായിരുന്നു.  ബസുകളടക്കം നിരവധി വാഹനങ്ങളുടെ ചക്രങ്ങള്‍ ചെളിയില്‍ താഴുകയും ഇതോടെ വാഹനങ്ങള്‍ മുന്നോട്ടെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുകയും ചെയ്തു. ഗതാഗത തടസം വന്നതോടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ അടുക്ക സ്ഥല സ്വര്‍ഗ വഴി 12 കിലോമീറ്റര്‍ ചുറ്റിത്തിരിഞ്ഞാണ്  സര്‍വീസ് നടത്തിയത്.  ചെറിയ വാഹനങ്ങള്‍ അടുക്ക സ്ഥലയില്‍ നിന്ന് കാട്ടുകുക്കെ വഴി യാണ് പെര്‍ളയിലേക്ക് പോയത്. ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ ചെര്‍ക്കള-കല്ലത്തടുക്ക റൂട്ടിലെ കരിമ്പിലയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഒരുമാസത്തോളമാണ് വാഹനഗതാഗതം തടസപ്പെട്ടത്.  തിങ്കളാഴ്ച  ഉച്ചയോടെ മണ്ണ് നീക്കിയതോടെ ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

0 Comments