കാസര്‍കോട്ടെ സുദര്‍ശന്‍ വധക്കേസിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ബംഗളൂരുവിലേക്ക്; കൊലക്ക് കാരണം യുവതിയുടെ വീഡിയോ പ്രചരിപ്പിച്ച വൈരാഗ്യം

കാസര്‍കോട്ടെ സുദര്‍ശന്‍ വധക്കേസിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ബംഗളൂരുവിലേക്ക്; കൊലക്ക് കാരണം യുവതിയുടെ വീഡിയോ പ്രചരിപ്പിച്ച വൈരാഗ്യം


കാസര്‍കോട്;  കാസര്‍കോട് പുത്തിഗെ പള്ളയിലെ അനന്ത ശര്‍മയുടെ മകന്‍ സി .എച്ച് സുദര്‍ശന്‍ (20) മംഗളൂരുവിനടുത്ത ഉള്ളാളില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. തൊക്കോട്ട് ഉള്ളാള്‍ബയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ റെയില്‍വേ ട്രാക്കിനരികിലാണ് സുദര്‍ശന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. . തൊക്കോട്ട് കാപ്പിക്കാട്ടെ ഗുണ്ടാതലവനായ ഡി .കെ രക്ഷിതും സംഘവുമാണ് കൊല നടത്തിയതെന്ന് പോലീസ്  അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.  രക്ഷിത് തന്നെയാണ് കൊല നടത്തിയതായി പോലീസിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. ഹിന്ദു സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട സുദര്‍ശന്‍.  നേരത്തെ ഒരു യുവാവിനൊത്ത് ട്രെയിന്‍ യാത്ര നടത്തുകയായിരുന്ന യുവതിയുടെ ദൃശ്യം സുദര്‍ശന്‍ മൊബൈലില്‍ പകര്‍ത്തുകയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സുദര്‍ശന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനായി വിളിച്ചുവരുത്തി കൊല നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സംഭവദിവസം സുദര്‍ശന്‍ രാത്രി 7.30 മണി വരെ കുമ്പളയിലുണ്ടായിരുന്നു. 10 മണിയോടെ വീട്ടുകാര്‍ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. രക്ഷിതും മറ്റു മൂന്നു പേരും ചേര്‍ന്ന് സുദര്‍ശനെ മടിയാറിലെ ഒരു വാടക വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കിനരികില്‍ മൃതദേഹം തള്ളുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.രക്ഷിത്  മഞ്ചേശ്വരം സ്വദേശിയാണ്. ഇപ്പോള്‍ ബംഗളൂരുവിലാണ് താമസം. 2014ല്‍ കുമ്പളയിലെ മുകേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, 2016 ല്‍ ചെമ്പുഗുഡ്ഡെയിലെ ലാന്‍സിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് രക്ഷിതെന്ന് പോലീസ് പറഞ്ഞു. നേരത്തെ രക്ഷിത്് തൊക്കോട്ട് ഒരു ബാര്‍ നടത്തിയിരുന്നു. ഇത് നഷ്ടത്തിലായതോടെയാണ് കുറച്ചുമാസങ്ങള്‍ക്ക് മുമ്പ്  ബംഗളൂരുവിലേക്ക് പോയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മണിപ്പാല്‍ ലൊക്കേഷന്‍ പരിധിയില്‍ സ്വിച്ച്ഡ് ഓഫ് ആയ നിലയിലാണ്.പ്രതി ബംഗളൂരുവിലുണ്ടാകാമെന്ന് കരുതിയാണ് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിച്ചത്. ട്രക്കിന്റെയും ബസിന്റെയും ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നു സുദര്‍ശന്‍. ബംഗളൂരുവില്‍ ആറുമാസമായി ഡ്രൈവറാണ്.

Post a Comment

0 Comments