കോരിച്ചൊരിയുന്ന മഴയ്ക്കു പോലും തോല്‍പ്പിക്കാനാവില്ല കാസര്‍കോടിനെ- എം പി

കോരിച്ചൊരിയുന്ന മഴയ്ക്കു പോലും തോല്‍പ്പിക്കാനാവില്ല കാസര്‍കോടിനെ- എം പി



കാഞ്ഞങ്ങാട്: ദേശീയ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു കലോത്സവം നടന്ന കഴിഞ്ഞ നാലു ദിവസങ്ങളായി കാഞ്ഞങ്ങാട്. സമാപന ദിനത്തിലെ കോരിച്ചൊരിയുന്ന പേമാരിക്കു പോലും  കാസര്‍കോടിന്റെ ഊര്‍ജം തകര്‍ക്കാന്‍ കഴിയില്ലെന്ന് നമ്മള്‍ വീണ്ടും തെളിയിക്കുകയാണ് ഈ കലോത്സവത്തിലൂടെയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു.കാഞ്ഞങ്ങാടു നടന്ന അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിന്നു എം പി. ആഥിഥേയ മര്യാദകൊണ്ടും സ്നേഹവും കരുതലും കൊണ്ട് കാസര്‍കോട്ടുകാര്‍ ലോകത്തിന് മുന്നിലെ വലിയൊരു മാതൃകയായിരിക്കുകയാണ് അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിലൂടെയെന്ന് അദ്ദേഹം പറഞ്ഞു.
 കാഞ്ഞങ്ങാടു നടന്ന അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ ഐങ്ങോത്ത് മൈതാനത്ത് നടന്ന സമാപന സമ്മേളനത്തില്‍ എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, സിനിമാ തരാങ്ങളായ രമേശ് പിഷാരടി, ഡോ വിന്ദുജ മോനോന്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. കലോത്സവ അവലോകനവും ജേതാക്കളെ പ്രഖ്യാപിക്കലും അക്കാദമിക് എ ഡി പി ഐ സി എ സന്തോഷ് നിര്‍വ്വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനവും കലോത്സവ രേഖ പ്രകാശനവും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. കലോത്സവ രേഖ അക്കാദമിക് ജോ ഡയറക്ടര്‍ എം കെ ഷൈന്‍മോന്‍ ഏറ്റുവാങ്ങി.പതാക കൈമാറ്റം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെയും, ഐങ്ങോത്ത് പ്രധാനവേദിയൊരുക്കുന്നതിന് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ പ്രവാസി വ്യവസായി ചന്ദ്രശേഖരനെയും , കലോത്സവത്തിന് പന്തലൊരുക്കിയ ഉമ്മര്‍ പടപ്പിനെയും കലോത്സവ ലോഗോയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് വിജേഷ് കുമാറിനെയും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ആദരിച്ചു. കൂടാതെ കലോത്സവ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടക സമിതിയെയും വിവിധ സബ്കമ്മിറ്റി ഭാരവാഹികളെയും ചടങ്ങില്‍ ആദരിച്ചു.
 എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍,എം രാജഗോപാലന്‍,ജില്ല കളക്ടര്‍ ഡോ ഡി സജിത്ത് ബാബു,ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍,കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍,ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി,കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്,അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അനിത ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആന്റ് ജനറല്‍ കോ ഓഡിനേറ്റര്‍ കെ ജീവന്‍ ബാബു സ്വാഗതവും സ്വീകരണ കമ്മിറ്റി ചെയര്‍മാനും മുന്‍ എം എല്‍ എ യുമായ എം നാരായണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments