മുംബൈ: ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരുന്നതായും ആ ക്ഷണം നിരസിച്ചതായും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എന്‍.സി.പി അദ്ധ്യക്ഷന്‍ മനസ്സു തുറന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച്ചതിനു പിന്നാലെയാണ് പവാറിന്‍റെ തുറന്നു പറച്ചില്‍.
'ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന് മോദി വാഗ്ദാനം ചെയതു. വ്യക്തിപരമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് നമ്മളെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനാകില്ലെന്നും' - ശരദ് യാദവ് വ്യക്തമാക്കി.
രാഷ്ട്രപതിയാക്കാമെന്ന് എന്‍.ഡി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. സുപ്രിയ സുലെയെ എന്‍.ഡി.എയില്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനം ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ബാരാമതിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് പവാറിന്റെ മകളായ സുലെ.
മഹാരാഷ്ട്രയിലെ നാടകങ്ങള്‍ക്കിടെയാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ അഭ്യൂഹങ്ങള്‍ പടര്‍ത്തി ശരദ് പവാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. പവാര്‍ കളം മാറുകയാണോ എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ കര്‍ഷക പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തത് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിക്ക് നല്‍കിയ മെമ്മോറാണ്ടത്തിന്റെ പകര്‍പ്പ് സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
രാജ്യസഭയുടെ 250-ാം സെഷനില്‍ എന്‍.സി.പിയെ പ്രശംസിച്ച് മോദി രംഗത്തെത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ എന്‍.സി.പിയില്‍ നിന്ന് പഠിക്കണം എന്നായിരുന്നു മോദിയുടെ പ്രസ്താവന. പവാര്‍ എന്‍.ഡി.എയിലേക്കുള്ള പോക്കിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തിയിരുന്നത്.
2016ല്‍ പൂനയിലെ വസന്ത്ദാദാ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുന്നതിനിടെ മോദി പവാറിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. പവാറിനോട് അങ്ങേയറ്റത്തെ ആദരവുണ്ടെന്നും തങ്ങള്‍ തമ്മിലുള്ള ബന്ധം തുറന്നു പറയുന്നതില്‍ അഭിമാനമുണ്ടെന്നുമായിരുന്നു മോദിയുടെ പ്രസ്താവന.
അജിത് പവാറുമായി ചേര്‍ന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ പവാര്‍ മിണ്ടാതിരുന്നതും അഭ്യൂഹങ്ങള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ പിന്നീട് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് അജിത് രാഷ്ട്രീയ ധാരണയുണ്ടാക്കിയത് എന്ന് പവാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനയെയും കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് സംസ്ഥാനത്ത് ത്രികക്ഷി ഭരണം യാഥാര്‍ത്ഥ്യമായത്.
0 Comments