തകര്‍ന്ന റോഡ് നന്നാക്കിയില്ല; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ഉപരോധിച്ച് സി പി എം പ്രതിഷേധം

തകര്‍ന്ന റോഡ് നന്നാക്കിയില്ല; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ഉപരോധിച്ച് സി പി എം പ്രതിഷേധം



കാസര്‍കോട്: പൂര്‍ണമായി തകര്‍ന്ന ദേളി അരമങ്ങാനം-മാങ്ങാട് കരിച്ചേരി റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച്  ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിനെ  സി പി എം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ജില്ലാപഞ്ചായത്ത് ഓഫീസിലേക്ക് മുദ്രാവാക്യം വിളിച്ച് പ്രകടനമായി എത്തിയാണ്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി  ബഷീറിനെ സി പി എം  ബാര ലോക്കല്‍ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും ഉപരോധിച്ചത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണിത്.ഉദുമ, ചെമ്മനാട് പഞ്ചായത്തുകളുടെ നടുവിലൂടെയാണ് നാലര കിലോമീറ്റര്‍ നീളമുള്ള റോഡ് കടന്നുപോകുന്നത്. മാങ്ങാട്-അരമങ്ങാനം വഴി ദേളി ജംങ്ഷനിലെത്തുന്ന ഈ റോഡില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടു മൂന്നുവര്‍ഷമായി. ഇപ്പോള്‍ കാല്‍നടയാത്ര പോലും അസാധ്യമാകുന്ന തരത്തില്‍ റോഡ് അങ്ങേയറ്റം ശോചനീയമാണ്.  റോഡ് തകര്‍ന്നതിനാല്‍ ഈ വഴി  ഓട്ടോറിക്ഷാ  ഡ്രൈവര്‍മാര്‍  ഓട്ടം പോകാന്‍ മടിക്കുകയാണ്.
ദേളിയില്‍ നിന്ന് മേല്‍പറമ്പ് കെ എസ് ടി പി പാതയില്‍ കയറാതെ ഉദുമ, പാലക്കുന്ന് ഭാഗത്തേക്ക് എത്തിച്ചേരാന്‍ ഏറ്റവും എളുപ്പമുള്ള റോഡാണിത്. കെ എസ് ആര്‍ ടി സി  ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഈ വഴി ദിവസേന സര്‍വീസ് നടത്തുന്നത്.
 റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ വര്‍ഷം സി പി എം ബാര ലോക്കല്‍ കമ്മിറ്റി ജില്ലാ പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനവും നല്‍കി. റോഡ് നന്നാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി പി എം  നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. അതിനാല്‍ തുടര്‍ന്നുള്ള പ്രക്ഷോഭ സമരങ്ങള്‍ നിര്‍ത്തിവെച്ചു. എന്നാല്‍ ഒരുവര്‍ഷമായിട്ടും തകര്‍ന്ന റോഡിന്റെ അറ്റകുറ്റപണി പോലും നടത്താന്‍ ജില്ലാ പഞ്ചായത്ത് തയ്യാറായില്ല.  ഇതേ തുടര്‍ന്നാണ്  സി പി എം പ്രവര്‍ത്തകര്‍ വീണ്ടും സമരത്തിനിറങ്ങിയത്. സി പി എം  ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍, പി കുമാരന്‍ നായര്‍, കെ രത്‌നാകരന്‍, കെ  കൃഷ്ണന്‍, പി ഗോപാല കൃഷ്ണന്‍, വി ഗോപാലകൃഷ്ണന്‍, കെ നാരായണന്‍,  കെ രാധാകൃഷ്ണന്‍, കെ  രതീഷ്, കെ എം  സുധാകരന്‍, പ്രദീപ്, എം ആര്‍  അരവിന്ദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ഉപരോധിച്ചത്.

Post a Comment

0 Comments