
കാസര്‍കോട്: പഴയ ചൂരിയിലെ മദ്‌റസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായെങ്കിലും അനുബന്ധ നടപടിക്രമങ്ങള്‍ തുടരുന്നു. പ്രതികളുടെ വാദം കേള്‍ക്കുന്നതിനായി കേസ് ഡിസംബര്‍ 31ലേക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവെച്ചു. പ്രതികളുടെ വാദവും പ്രോസിക്യൂഷനും പ്രതി ഭാഗം അഭിഭാഷകരും തമ്മിലുള്ള വാദവും പൂര്‍ത്തിയാകുന്നതോടെ ഈ കേസിന്റെ വിചാരണയും അവസാനിക്കും. കേസില്‍ പുതുതായി ഹാജരാക്കിയ തെളിവുകള്‍ കോടതി കഴിഞ്ഞ ദിവസം പരിശോധിച്ചു. കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍. കേരളത്തെ ആകെ നടുക്കിയ റിയാസ് മൗലവി വധക്കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം
1000 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ദൃക്‌സാക്ഷികളടക്കം 100 സാക്ഷികളാണ് ഉള്ളത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍, ഡി എന്‍ എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള രേഖകളാണ് ഇതിലുള്ളത്.
0 Comments