
കാഞ്ഞങ്ങാട്; കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വടക്കെ പുലിയന്നൂരില്‍ പട്ടാപ്പകല്‍ വീടിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്ന കേസിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വടക്കെ പുലിയന്നൂരിലെ സി കെ ചന്ദ്രനെയാണ് (46) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്.വ്യാഴാഴ്ചയാണ് ചന്ദ്രനെ നീലേശ്വരം എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. വടക്കെ പുലിയന്നൂരിലെ പി എം ഭാസ്‌കരന്റെ വീട്ടിലെ കിടപ്പു മുറിയില്‍ നിന്നാണ് 10500 രൂപ മോഷണം പോയത്. ഡിസംബര്‍ 7 ന് രാവിലെ വീട് പൂട്ടി ഭാസ്‌കരന്‍ ബേങ്കിലേക്കും ഭാര്യ തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. ഉച്ചയോടെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പു മുറിയിലെ അലമാരയില്‍ നിന്ന് പണം കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ഭാസ്‌കരന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ചന്ദ്രന്റെ സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. പോലീസ് ആദ്യം അന്വേഷിച്ചെത്തിയപ്പോള്‍ ചന്ദ്രന്‍ മാന്യനായി അഭിനയിക്കുകയും ഈ ഭാഗത്ത് മോഷ്ടാക്കളുടെ ശല്യം കൂടിവരികയാണെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്നും പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ചന്ദ്രന്റെ വെപ്രാളത്തോടെയുള്ള പെരുമാറ്റവും പോലീസ് നായ എത്തിയപ്പോള്‍ വിരണ്ടോടിയതും സംശയം ബലപ്പെടുത്തി. ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചതോടെ ചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
0 Comments