LATEST UPDATES

6/recent/ticker-posts

സ്വര്‍ണമാലകള്‍ കവര്‍ന്ന കേസിലെ പ്രതിയെ തെളിവെടുപ്പിന് വിധേയനാക്കി; മോഷണ മുതലുകളില്‍ ഒന്ന് കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു




ആദൂര്‍: സ്വര്‍ണമാലകള്‍ കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡ് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ആദൂര്‍ പോലീസ് കസ്റ്റഡയില്‍ വാങ്ങി. സുള്ള്യ ഗാന്ധിനഗര്‍ സ്വദേശിയും നെല്ലിക്കട്ടക്കടുത്ത് താമസക്കാരനുമായ ജി ബഷീറിനെയാണ് (37) പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കാനത്തൂര്‍ മുച്ചിലകുളത്തെ ലളിതയുടെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബഷീറിന് ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ട് മാല മോഷണക്കേസുമായും ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. അഡൂരിലെ സാവിത്രിയുടെ സ്വര്‍ണമാല തട്ടിയെടുത്ത കേസിലും മുളിയാര്‍ സ്വദേശിനിയുടെ മാല തട്ടിയ കേസിലുമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. സാവിത്രിയുടെ മാല കാസര്‍കോട്ടെ ഒരു ജ്വല്ലറിയിലാണ് ബഷീര്‍ വില്‍പന നടത്തിയത്. ബഷീറിനെയും കൊണ്ട് തെളിവെടുപ്പിനായി പോലീസ് ഈ ജ്വല്ലറിയില്‍ എത്തുകയും ഒന്നേക്കാല്‍ പവന്റെ മാല കണ്ടെടുക്കുകയും ചെയ്തു. മുളിയാര്‍ സ്വദേശിനിയുടെ സ്വര്‍ണമാല കര്‍ണാടകയിലെ കടബയില്‍ വില്‍പന നടത്തിയതായി പ്രതി വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് ബഷീറിനെയും കൊണ്ട് പോലീസ് കടബയിലേക്ക് പോകുകയും മാല കണ്ടെടുക്കുകയും ചെയ്തു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ബഷീറിനെ  കോടതിയില്‍ വീണ്ടും ഹാജരാക്കി.  അതിനിടെ ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മാല മോഷണക്കേസുകളുമായും ബഷീറിന് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ബഷീറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ ബദിയടുക്ക പോലീസും കോടതിയില്‍ അപേക്ഷ നല്‍കും.

Post a Comment

0 Comments