
കാസര്‍കോട്: കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യ ലേലത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷം തടയാനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് രണ്ടുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മാര്‍ക്കറ്റിലെ കളക്ഷന്‍ ഏജന്റ് ചെങ്കള ആലംപാടിയിലെ കെ എം ജുനൈദ് (23), മധൂര്‍ പടഌബാരിക്കാടിലെ ബി മുഹമ്മദ് നവാബ് (24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനടുത്ത മത്സ്യമാര്‍ക്കറ്റിലാണ് സംഭവം. മാര്‍ക്കറ്റിലെ റോഡ് തടസപ്പെടുത്തി മത്സ്യ ലേലം നടത്തുന്നതിനെ ചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായത്. മത്സ്യലേലം കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതടക്കമുള്ള വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കിയതിനെ ചിലര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഉച്ചയോടെ വീണ്ടും പ്രശ്‌നങ്ങളുണ്ടായതോടെ സംഘട്ടനവും അരങ്ങേറുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ യാണ് പോലീസുകാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
0 Comments