LATEST UPDATES

6/recent/ticker-posts

വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല, രാജി വയ്ക്കാൻ ഒരുക്കമെന്ന് അസമിലെ 12 ബി ജെ പി എം എൽ എമാർ



പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ ചൊല്ലി അസം ബി.ജെ.പിയില്‍ പൊട്ടിത്തെറി. അസമിലെ 12 ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനാവാളിനെ സന്ദർശിച്ച് രാജി സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന ഒരു അനധികൃത കുടിയേറ്റക്കാരനും പൗരത്വം നല്‍കരുത് എന്നതാണ് അവരുടെ ആവശ്യമെന്നും അതില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ഉണ്ടാവുകയാണെങ്കില്‍ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താനാവില്ലെന്നും എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രിയോട് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ഒരാഴ്ച്ചയായി തങ്ങള്‍ക്ക് വസതികളില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും പ്രതിഷേധം ഭയന്ന് ഗുവാഹത്തിയില്‍ തങ്ങിയിരിക്കുകയാണെന്നും എം.എല്‍.എമാര്‍ പറഞ്ഞു.

ജനങ്ങളുടെ പ്രതിഷേധം കാരണം പുറത്തിറങ്ങാനാവുന്നില്ലെന്നും ആവശ്യമെങ്കില്‍ രാജിവെക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. തങ്ങൾ അക്രമിക്കപ്പെടുമോ എന്ന ആശങ്കയും അവർ പങ്ക് വച്ചു. പൗരത്വഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ വലിയ പ്രതിഷേധമാണ് അസമില്‍ നടക്കുന്നത്. ദേശീയപൗരത്വഭേദഗതി നിയമം പാസ്സാക്കിയതിന് പിന്നാലെ  അസമിലെ ബി ജെ പിക്കുള്ളിൽ വലിയ ഭിന്നത രൂപപ്പെട്ടിരുന്നു.

ആസാമികളുടെ ഭൂമി, ഭാഷ, സംസ്‌കാരം എന്നിവയുടെ സംരക്ഷണത്തിനായി നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നാണ് ആസാമിലെ സൂതിയയില്‍ നിന്നുള്ള എം.എല്‍.എ പദ്മ ഹസാരിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പൗരത്വ ഭേദഗതി നിയമം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി ഏത് ഉത്തരവ് പുറപ്പെടുവിച്ചാലും ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തില്‍ അസമിലെ ജനങ്ങള്‍ ആശങ്കാകുലരാണ്- അദ്ദേഹം പറഞ്ഞു. നേരത്തെ ആസാം ഗണസംഗ്രാം പരിഷത് നേതാവായിരുന്നു അദ്ദേഹം.

Post a Comment

0 Comments