കേരളക്കരയിലൂടെ ഒഴുകുന്നത് കോടികളുടെ കഞ്ചാവും ചരസ്സും; കാസർകോട് നല്ലൊരു ശതമാനം എംഡിഎംഎ എൽഎസ് ഡി ഗുളികൾക്ക് അടിമകളാണ്.
Friday, December 20, 2019
അനുനിമിഷം മാറുന്നതാണ് മലയാളിയുടെ രുചികൾ, ശീലങ്ങൾ. ലഹരിയുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. കുപ്പി കൂട്ടിമുട്ടിച്ചുളള ചിയേഴ്സിനോടല്ല സിരകളെ കാർന്ന് തിന്നുള്ള പുതിയ ലഹരികളോടാണ് മലയാളിക്ക് പ്രിയം. ഈ വർഷം ജനുവരി ഒന്നു മുതൽ നവംബർ 30 വരെ പൊലീസ് പിടികൂടിയ ലഹരിമരുന്നുകളുടെ കണക്ക് ആരെയും ഞെട്ടിക്കും.
കഞ്ചാവ്, ചരസ്, ഹാഷിഷ്, ബ്രൗൺ ഷുഗർ, ടാബ്ലെറ്റ് ഇവക്ക് പുറമേ എൽ എസ് ഡിയും. ലഹരിമരുന്ന് വേട്ടയിൽ കേരളത്തിൽ ഈ വർഷം രജിസ്ട്രർ ചെയ്ത് 2640 കേസുകൾ. 1424 കിലോ കഞ്ചാവാണ് ഈ വർഷം പിടികൂടിയത്. 2468 ടാബ്ലെറ്റുകൾ.
ഓരോ നാടിനും ഓരോ ലഹരിയോടാണ് താത്പര്യം. തിരുവനന്തപുരം നഗരത്തിൽ മാത്രം 11 മാസത്തിനിടെ പിടികൂടിയത് 452 കിലോ കഞ്ചാവ്. കേരള ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് പിടികൂടിയതിന്റെ കണക്ക് മാത്രമാണിത്. 90 മില്ലി ഹാഷിഷും തിരുവനന്തപുരത്ത് നിന്ന് പിടികൂടി. ലോക വ്യാപകമായി നിരോധിക്കപ്പെട്ട വീര്യം കൂടിയ ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ.
സിന്തറ്റിക് ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ എന്ന പുതിയ ലഹരിക്കും ആവശ്യക്കാർ കൂടുകയാണ്.തിരുവനന്തപുരം ആലപ്പുഴ എറണാകുളം പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിൽ നല്ലൊരു ശതമാനം എംഡിഎംഎ എൽഎസ് ഡി ഗുളികൾക്ക് അടിമകളാണ്.
ടാബ് ലെറ്റുകളും ചരസുമാണ് എറണാകുളത്ത് നിന്ന് പിടികൂടിയ കേസുകളിൽ അധികവും. ലഹരിമരുന്നുകൾ പിടികൂടിയതിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്ടർ ചെയ്തതതും എറണാകുളം ജില്ലയിലാണ്. 844 കേസുകൾ.ചരസ് പിടികൂടിയതിൽ കൂടുതലും കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്ന്. ബ്രൗൺ ഷുഗർ പിടികൂടിയതിൽ കൂടതൽ കേസുകൾ രജിസ്ടർ ചെയ്തത് മലബാറിലാണ്. എക്സൈസ് പരിശോധനയിൽ പിടികൂടിയതിന്റെ വിവരങ്ങൾ കൂടി വന്നാൽ കണക്കുകൾ ഇനിയും ഉയരും.
0 Comments